കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷാപരിശോധനയ്ക്ക് കേന്ദ്ര ജലകമ്മിഷൻ നൽകിയ അനുമതി കേരളത്തിന് താത്കാലിക ആശ്വാസമായി. ഇതിനുമുമ്പ് 1979, 2001, 2011വർഷങ്ങളിൽ സുരക്ഷാ പരിശോധന നടത്തിയിട്ടുണ്ടെങ്കിലും 1979ൽ മാത്രമാണ് കേരളത്തിന് അനുകൂലമായ റിപ്പോർട്ടുണ്ടായത്. അതിന്റെ വെളിച്ചത്തിൽ മുല്ലപ്പെരിയാറ്റിലെ ജലനിരപ്പ് ്152 അടിയിൽ നിന്ന് 136അടിയായി താഴ്‌ത്തുകയും അടിയന്തര അറ്റകുറ്റപ്പണികൾ നിർദ്ദേശിക്കുകയും ചെയ്തു. അടിയന്തര, ഹ്രസ്വകാല നിർദ്ദേശങ്ങൾ മാത്രമാണ് അപൂർണമായെങ്കിലും നടപ്പിലാക്കിയത്.

പിന്നീടുണ്ടായ രണ്ട് സുരക്ഷാ പരിശോധനകളും ഏകപക്ഷീയമായിരുന്നുവെന്നാണ് കേരളത്തിന്റെ നിലപാട്. 2001ലെ റിപ്പോർട്ടിനെ ചൊല്ലിയുള്ള തർക്കം സൂപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് പരിഗണിച്ച് 2006ൽ തമിഴ്നാടിന് അനുകൂലമായി വിധി പ്രസ്താവിച്ചു. രാജ്യത്തിന് പുറത്തുനിന്നുള്ള വിദഗ്ദ്ധ ഏജൻസിയുടെ നേതൃത്വത്തിൽ അണക്കെട്ടിന്റെ ബലക്ഷയം സംബന്ധിച്ച് ശാസ്ത്രീയ പരിശോധന വേണമെന്ന് കേരളം ആവർത്തിച്ച് ആവശ്യപ്പെട്ടു. ഇതിനോട് തമിഴ്നാട് യോജിച്ചിട്ടില്ല.

പാരപ്പെറ്റിൽ നിന്ന് ഉള്ളിലേക്ക് ഡ്രിൽചെയ്ത് പാറയുടെയും കോൺക്രീറ്റിന്റെയും കോർ സാമ്പിൾ ശേഖരിച്ച് 2011ൽ നടത്തിയ പരിശോധനയുടെ സുതാര്യതയിൽ കേരളം സംശയം പ്രകടിപ്പിച്ചു. അന്ന് അണക്കെട്ടിന്റെ ഉള്ളറയിലേക്ക് ബോർഹോൾ നിർമ്മിച്ച് അതിലൂടെ റിമോട്ട് ഓപ്പറേറ്റഡ് ക്യാമറ കടത്തിവിട്ട് നിരീക്ഷിക്കാനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. പിന്നീട് കേരളം ആവർത്തിച്ചുന്നയിച്ച ആവശ്യത്തിലാണ് ഇപ്പോൾ അനുകൂല സമീപനമുണ്ടായത്.