
വൈപ്പിൻ: നായരമ്പലം ഗ്രാമപഞ്ചായത്തിൽ 7,8 വാർഡുകളിലെ റോഡുകളിൽ തെരുവുനായശല്യം അതിരൂക്ഷം. വിദ്യാർത്ഥികളും പ്രായമായവരും ഉൾപ്പെടെ നിരവധി പേരാണ് ദിനംപ്രതി ഈ വഴികളിലൂടെ സഞ്ചരിക്കുന്നത്. മൂന്ന് വിദ്യാലയങ്ങളുള്ള ഈ പ്രദേശത്തെ തെരുവുനായ ശല്യം മുൻപ് പലതവണ അധികൃതരെ അറിയിച്ചിട്ടും നാളിതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. വാടേൽ പള്ളിയിലേക്കും കൊച്ചമ്പലം സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്കും അതിരാവിലെ ഭീതിയോടെയാണ് ജനങ്ങൾ ഈ വഴികളിലൂടെ സഞ്ചരിക്കുന്നത്. ഒറ്റക്കുള്ള യാത്ര പലരും ഒഴിവാക്കുകയാണ്. തെരുവ് നായകളുടെ അക്രമണത്തിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് അടിയന്തര നടപടി വേണമെന്ന് സി.പി.ഐ വാടേൽ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ ആന്റണി ടോംസൻ അദ്ധ്യക്ഷനായി. എൻ.കെ. സജീവൻ, വി.കെ. ബാലൻ, വി.ബി. അനുരഞ്ജ്, എൻ.ജി. രതീഷ് തുടങ്ങിയവർ സംസാരിച്ചു.