arun

ആലുവ: ഒമ്പതു മാസം മുമ്പ് എം.ഡി.എം.എ പിടികൂടിയ കേസിൽ തൃശൂർ വടക്കാഞ്ചേരി സൗദ്ര ലൈനിൽ പുളിക്കൻ വീട്ടിൽ അരുണിനെ (28) ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഡിസംബറിൽ ആന്റി ടെററിസ്റ്റ് സ്‌ക്വാഡും ആലുവ പൊലീസും ചേർന്ന് 60 ഗ്രാം എം.ഡി.എം.എയുമായി കുന്നത്തേരി മുപ്പുകണ്ടത്തിൽ അഫ്‌സൽ (26), ചൂർണ്ണിക്കര കരീപ്പായി സഹൽ (24) എന്നിവരെ ബൈപ്പാസിൽ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. കേസിന്റെ തുടരന്വേഷണത്തിലാണ് അരുൺ പിടിയിലായത്.

ബംഗളൂരുവിൽ നിന്ന് അരുണാണ് രാസലഹരി കൊടുത്തുവിട്ടതെന്ന് പൊലീസ് തിരിച്ചറിഞ്ഞതോടെ ഇയാൾ ഒളിവിൽ പോയി. തുടർന്ന് അരുണിനെതിരെ പറവൂർ അഡിഷണൽ ഡിസ്ട്രിക്ട് ആന്റ് സെഷൻ കോടതി അറസ്റ്റ് വാറന്റ് പുറപെടുവിച്ചിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി ഒളിവിലായിരുന്ന ഇയാളെ മൈസൂർ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടുന്നത്. രണ്ട് മാസം മുമ്പ് അന്വേഷണ സംഘത്തെ കണ്ട് തിരിച്ചറിഞ്ഞ് ഇയാൾ ബംഗളൂരുവിൽ നിന്നും മുങ്ങിയിരുന്നു. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.

ആലുവ ഡിവൈ.എസി.പി ടി.ആർ. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
റിമാൻഡ് ചെയ്തു.