കൊച്ചി: മെട്രോയുടെ കലൂർ - കാക്കനാട് രണ്ടാംഘട്ട പദ്ധതിയിൽ ഡബിൾ ഡക്കർ ഡിസൈൻ വേണമെന്ന ആവശ്യം പരിഗണിക്കാൻ ഹൈക്കോടതി സർക്കാരിന് നി‌‌ർദ്ദേശം നൽകി. ഇക്കാര്യമാവശ്യപ്പെട്ട് നെട്ടൂർ സ്വദേശി ഷമീർ അബ്ദുള്ള നൽകിയ ഹർജി തീർപ്പാക്കിയാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ‌ബെഞ്ചിന്റെ നടപടി. അതേസമയം ഇതിൽ പ്രത്യേക ഉത്തരവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

കലൂർ - കാക്കനാട് റൂട്ടിലും സീപോർട്ട് - എയർപോർട്ട് റോഡിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് ഡബിൾഡക്കർ ഡിസൈൻ അനിവാര്യമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഒറ്റ പില്ലറിൽത്തന്നെ റോഡ് മേല്പാലവും മെട്രോറെയിലും നിർമ്മിക്കുന്ന നൂതന സംവിധാനമാണിത്.

നാഗ്പൂരിലും ബംഗളൂരുവിലും ഇത്തരം ഡിസൈൻ നടപ്പാക്കിയിട്ടുണ്ട്.

മറ്റു സംസ്ഥാനങ്ങളിൽ വലിയ വാഹനങ്ങൾക്കും പോകാവുന്ന മേല്പാലമാണുള്ളത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിക്കനുസരിച്ച് കൊച്ചിയിൽ ഇടത്തരം വാഹനങ്ങൾക്കുള്ള മേല്പാലം മതിയാകും.

റോഡിൽനിന്ന് 5.5മീറ്റർ ഉയരത്തിലായി മേല്പാലവും പാലത്തിൽനിന്ന് മൂന്നരമീറ്റർ ഉയരത്തിലായി മെട്രോ റെയിലുമാണ് വരിക.

ഡബിൾഡെക്കർ ഡിസൈൻ വേണമെന്ന ആവശ്യം തള്ളിയതിനാൽ വൈറ്റിലയിൽ ബൈപ്പാസിലൂടെ പോകുന്ന വാഹനങ്ങൾക്ക് മാത്രമാണ് മേല്പാലം പ്രയോജനപ്പെടുന്നത്. താഴെ പത്തോളം ദിശകളിലേക്ക് പോകുവാൻ രൂക്ഷമായ ഗതാഗതക്കുരുക്കാണ്. ഇതിൽനിന്ന് പാഠം ഉൾക്കൊണ്ടാവണം കാക്കനാട് പാത നിർമ്മിക്കാനെന്നും ഹർജിക്കാരനുവേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടം വാദിച്ചു.