മുളന്തുരുത്തി: സ്വകാര്യബസുകൾ മത്സരയോട്ടത്തിന്റെ ഭാഗമായി റൂട്ടുമാറി സഞ്ചരിക്കുന്നതായി പരാതി. മുളന്തുരുത്തി റെയിൽവേ അപ്രോച്ച് റോഡ് നിർമ്മാണം ആരംഭിച്ച സമയത്ത് പിറവം ഭാഗത്തേക്കുള്ള ബസുകൾ ഉൾപ്പെടെയുള്ള വലിയവാഹനങ്ങൾ എരുവേലിയിൽനിന്ന് പാലസ് സ്ക്വയർവഴി വഴിതിരിച്ചു വിട്ടിരുന്നു. തുടർന്ന് ചോറ്റാനിക്കരയിൽനിന്ന് മുളന്തുരുത്തിയിലേക്ക് പോകുവാൻ സാധിക്കുന്നവിധം സർവീസ് റോഡ് നിർമ്മിച്ചപ്പോൾ വൺവേ സംവിധാനം ഏർപ്പെടുത്തുകയും സ്വകാര്യ ബസുകൾക്ക് സഞ്ചരിക്കുവാൻ സൗകര്യമൊരുക്കുകയും ചെയ്തിരുന്നു.
എന്നാൽ ഗതാഗതക്കുരുക്ക് മൂലവും റെയിൽവേ ഗേറ്റ് അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് സമയനഷ്ടം ഉണ്ടാകുന്നതിനാലും പിറവം ഭാഗത്തേക്കുള്ള സ്വകാര്യബസുകൾ പാലസ് സ്ക്വയർവഴി മുളന്തുരുത്തിയിൽ എത്തി പിറവത്തേക്ക് പോവുകയായിരുന്നു പതിവ്.
അപ്രോച്ച് റോഡിന് ഇരുവശത്തും സർവീസ് റോഡ് നിർമ്മിച്ചപ്പോൾ ഗതാഗതക്കുരുക്കിന് പരിഹാരമായെങ്കിലും സ്വകാര്യബസുകൾ മത്സരയോട്ടത്തിന്റെ ഭാഗമായി റൂട്ടുമാറി സഞ്ചരിക്കുന്നതായി പരാതി. മുളന്തുരുത്തി പള്ളിത്താഴംവഴി പിറവത്തേക്ക് പോകുന്ന ബസുകൾ മത്സരയോട്ടത്തിന്റെ ഭാഗമായി പാലസ് സ്ക്വയർവഴി മുളന്തുരുത്തി കരവട്ടക്കുരിശിൽ എത്തി യാത്രക്കാരെ ഇറക്കിവിടുകയാണെന്നാണ് പരാതി. ഇതുമൂലം യാത്രക്കാർ മുളന്തുരുത്തി പള്ളിത്താഴത്തെത്താൻ ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട ഗതികേടിലാണ്.
മുളന്തുരുത്തി ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്കും വയോജനങ്ങൾക്കും ഗർഭിണികൾക്കും വികലാംഗർക്കും ഇതുമൂലം മുളന്തുരുത്തി കരവട്ടക്കുരിശിൽ ഇറങ്ങി രണ്ട് കിലോമീറ്റർ അപ്പുറമുള്ള പള്ളിത്താഴത്തേക്ക് ഓട്ടോ പിടിക്കേണ്ട അവസ്ഥയാണ്. നിർദ്ധനരായവർക്ക് നടപ്പുതന്നെ ശരണം.
റൂട്ടിൽ യാത്രക്കാരെ ഭീതിയിലാക്കി സ്വകാര്യ ബസുകളുടെ മത്സരയോട്ടം. നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണങ്കിലും അധികൃതർ നടപടിയെടുക്കാൻ തയ്യാറാകുന്നില്ലെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആക്ഷേപം.
യാത്രക്കാരെ വലച്ച് ബസുകൾ
* മുളന്തുരുത്തി പള്ളിത്താഴംവഴി പിറവത്തേക്ക് പോകുന്ന ബസുകൾ മത്സരയോട്ടത്തിന്റെ ഭാഗമായി പാലസ് സ്ക്വയർവഴി മുളന്തുരുത്തി കരവട്ടക്കുരിശിൽ എത്തി യാത്രക്കാരെ ഇറക്കിവിടുന്നു
*ബസ് ചാർജ് കൊടുത്താലും ലക്ഷ്യത്തിലെത്തണമെങ്കിൽ ഓട്ടോയ്ക്ക് വേറെ പണം മുടക്കണം