
കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ എറണാകുളം നോർത്ത് പൊലീസെടുത്ത കേസിൽ സംവിധായകൻ രഞ്ജിത് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സ്ത്രീത്വത്തെ അപമാനിച്ചെന്നും ലൈംഗിക താത്‌പര്യത്തോടെ സ്പർശിച്ചെന്നുമുള്ള പരാതി കെട്ടിച്ചമച്ചതാണെന്ന് ഹർജിയിൽ പറയുന്നു. പതിനഞ്ചു വർഷം മുൻപ് നടന്നതായി ആരോപിക്കുന്ന കാര്യത്തിൽ ഇപ്പോൾ പരാതി നൽകിയത് ദുരുദ്ദേശ്യപരമാണെന്നും ആരോപിച്ചു. ഹർജി അടുത്തദിവസം പരിഗണിക്കും.
2009ൽ സിനിമാ ചർച്ചയ്ക്കായാണ് നടിയെ കൊച്ചിയിലെ ഫ്ലാറ്റിൽ വിളിച്ചുവരുത്തിയതെന്നും തന്റെ സഹപ്രവർത്തകരായ നാലുപേരും അവിടെയുണ്ടായിരുന്നെന്നും ഹർജിയിൽ പറയുന്നു. അസോസിയേറ്റ് ശങ്കർ രാമകൃഷ്ണനാണ് നടിയുമായി സംസാരിച്ചത്. നടി നൽകിയ ഇ-മെയിൽ പരാതിയിൽ ഇക്കാര്യം മൂടിവച്ചു.
സിനിമയിൽ അവസരം കിട്ടാത്തതിൽ പരാതിക്കാരിക്ക് നിരാശയുണ്ടായിരുന്നു. തന്നെ ചലച്ചിത്ര അക്കാഡമി അദ്ധ്യക്ഷപദത്തിൽ നിന്ന് പുറത്താക്കാൻ ലക്ഷ്യമിട്ടവരാണ് 15 വർഷം കഴിഞ്ഞ് ഇത് മറ്റൊരുവിധത്തിൽ ഊതിക്കത്തിച്ചത്. ഐ.പി.സി 354-ാംവകുപ്പ് പ്രകാരമാണ് കേസ്. ഇത് 2013 നു ശേഷമാണ് ജാമ്യമില്ലാ കുറ്റമാക്കിയത്. അതിനുമുമ്പ് നടന്ന സംഭവത്തിന്റെ പേരിൽ തനിക്കെതിരെ ജാമ്യമില്ലാത്ത കേസെടുത്തത് മൗലികാവകാശ ലംഘനമാണ്. 37 കൊല്ലമായി സിനിമയിൽ പ്രവർത്തിക്കുന്ന താൻ ഇതുവരെ ദുഷ്‌പേരുണ്ടാക്കിയിട്ടില്ല. ക്രിമിനൽ പശ്ചാത്തലവുമില്ല.
താൻ അടുത്തിടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയനായ ആളാണ്. മതിയായ മെഡിക്കൽ നിരീക്ഷണം ആവശ്യമാണ്. കസ്റ്റഡിയിലെടുക്കുന്ന സാഹചര്യമുണ്ടായാൽ ആരോഗ്യപ്രശ്നങ്ങളുണ്ടാകും. അതിനാൽ അറസ്റ്റ് തടയണമെന്നും മുൻകൂർജാമ്യം അനുവദിക്കണമെന്നും ഹർജിയിൽ പറയുന്നു.