കൊച്ചി: തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ പ്രസിദ്ധമായ വൃശ്ചികോത്സവത്തിന് കൊച്ചിൻ ദേവസ്വംബോർഡ് ഒരുക്കങ്ങൾ ആരംഭിച്ചു. നവംബർ 29നാണ് ഉത്സവകൊടിയേറ്റ്. ഉപദേശക സമിതിയുടെ കാലാവധി അവസാനിച്ചതിനാൽ ഇക്കുറി ഉത്സവം നേരിട്ടു നടത്താൻ ബോർഡ് കഴിഞ്ഞ വസം ഉത്തരവായി. പ്രാരംഭനടപടികൾ ആരംഭിക്കാൻ തൃപ്പൂണിത്തുറ ദേവസ്വം ഓഫീസർ ആർ. രഘുരാമനെ ചുമതലപ്പെടുത്തി.
പതിവിന് വിരുദ്ധമായി ഇക്കുറി എട്ടുദിവസവും തൃശൂർ പൂരത്തിന് സമാനമായി വ്യത്യസ്ത പ്രമാണിമാരാണ് മേളത്തിന് പ്രാമാണിത്വം വഹിക്കുക. ഇവരെയെല്ലാം ബോർഡുതന്നെ നേരിട്ട് ബുക്ക് ചെയ്തുകഴിഞ്ഞു. പാമ്പാടി രാജൻ, ഈരാറ്റുപേട്ട അയ്യപ്പൻ, ചിറക്കൽ കാളിദാസൻ തുടങ്ങി 25ൽപരം ഗജവീരന്മാരെയും ബുക്കു ചെയ്തിട്ടുണ്ട്. ഉത്സവദിനങ്ങളിലെല്ലാം രണ്ടുനേരം 15 ആനകളെ അണിനിരത്തി ശീവേലി എഴുന്നള്ളിപ്പുള്ള അപൂർവം ക്ഷേത്രങ്ങളിലൊന്നാണ് തൃപ്പൂണിത്തുറ. കൂടുതൽ ആനകളെ അടുത്ത ദിവസങ്ങളിൽ ബുക്കുചെയ്യും.
കഥകളിക്കും മേളത്തിനും പേരുകേട്ടതാണ് വൃശ്ചികോത്സവം. സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭരായ കഥകളി കലാകാരന്മാരാണ് എട്ടുദിവസവും അരങ്ങിലെത്തുക. മറ്റ് കലാപാരിപാടികൾക്കും ഒന്നാംകിട കലാകാരന്മാരാകും രംഗത്ത് വരിക. രണ്ട് കോടിയോളം രൂപ ചെലവുവരുന്ന ഉത്സവം ആദ്യമായാണ് ബോർഡ് നേരിട്ടുനടത്തുന്നുത്. 2017ൽ തർക്കങ്ങളെ തുടർന്ന് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറിയുടെ നേതൃത്വത്തിൽ ജനപങ്കാളിത്തത്തോടെ സംഘടിപ്പിച്ചിരുന്നു.
വൃശ്ചികോത്സവം ദിവസവും
• രാവിലെ ശീവേലി
• രാത്രി വിളക്ക്
• രണ്ട് മേളം
• മൂന്ന് ഓട്ടൻതുള്ളൽ
• മൂന്ന് കഥകളി
• മൂന്ന് കച്ചേരി
മേളപ്രമാണിമാർ
• തിരുവല്ല രാധാകൃഷ്ണൻ
• ചേരാനല്ലൂർ ശങ്കരൻകുട്ടി മാരാർ
• പെരുവനം കുട്ടൻമാരാർ
• പെരുവനം സതീശൻ
• പെരുവനം പ്രകാശൻ
• പഴുവിൽ രഘുമാരാർ
• ചെറുശേരി കുട്ടൻമാരാർ
• കിഴക്കൂട്ട് അനിയൻ മാരാർ