
ആലുവ: ഓണം പടിവാതിക്കലെത്തിയതോടെ ആഘോഷനാളുകൾക്ക് അരങ്ങോരുങ്ങുകയാണ്. പൂക്കളം തീർക്കാൻ വിവിധതരം നാടൻ പൂക്കളും ഓണത്തപ്പനും റെഡിയായി.
കീഴ്മാട് ഖാദി ഗ്രാമവ്യവസായ സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ എല്ലാവർഷവും കളിമണ്ണിൽ ഓണത്തപ്പനെ വില്പനക്കായി തയ്യാറാക്കാറുണ്ട്. യുവദമ്പതികളുടെ നേതൃത്വത്തിൽ കീഴ്മാട് ഒരു ഏക്കറിൽ പൂക്കൾ കൃഷിയിറക്കിയിട്ടുണ്ട്. ഇതോടെ കീഴ്മാടുകാർക്ക് മാത്രമല്ല, സമീപ പ്രദേശങ്ങളിലുള്ളവർക്കും പൂക്കളത്തിന് ആവശ്യത്തിന് നാടൻ പൂവും ലഭിക്കും.
വിളവെടുപ്പ് ഇന്ന്:
നാടൻ പൂക്കളിൽ
പൂക്കളം തീർക്കാം
ആലുവക്കാർക്ക് ഇക്കുറി നാടൻ പൂക്കളാൽ പൂക്കളം തീർക്കാം. കീഴ്മാട് കുട്ടമശേരിയിൽ യുവകർഷക ദമ്പതികളായ അമ്പലപ്പറമ്പ് കണ്ണ്യാമ്പിള്ളി ശ്രീജേഷും ഭാര്യ ശ്രുതിയുമാണ് ഒരു ഏക്കറിൽ വിവിധ നിറത്തിലുള്ള ബന്ദിയും വാടാർ മല്ലിയും കൃഷിയിറക്കിയത്.
പൂകൃഷിയുടെ വിളവെടുപ്പ് ഇന്ന് രാവിലെ പത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതിലാലു നിർവ്വഹിക്കും. കർഷകനായ പിതാവ് മോഹനന്റെ പാതപിന്തുടർന്നാണ് പ്രവാസജീവിതം ഉപേക്ഷിച്ച ശ്രീജേഷ് പൂർണമായും കൃഷിക്കാരനായത്. നെൽ, വാഴ, കപ്പ, മണിച്ചോളം തുടങ്ങിയവയും ശ്രീജേഷിന്റെ കൃഷിയിടത്തിലുണ്ട്. കീഴ്മാട് കൃഷിഭവന്റെയും സഹായമുണ്ട്. ഓണക്കാലത്ത് തോട്ടത്തിൽ പൂ വില്പനയുമുണ്ടാകും.
ഖാദി സംഘത്തിൽ ഓണത്തപ്പൻ റെഡി
അന്യസംസ്ഥാനത്ത് നിന്ന് കളിമണ്ണ് എത്തിച്ച് ഇക്കുറിയും കീഴ്മാട് ഖാദി സഹകരണ സംഘത്തിൽ ഓണത്തപ്പൻ തയ്യാറായി. പരമ്പരാഗതമായി കളിമൺ പാത്രം നിർമ്മിക്കുന്നവർ വീടുകളിലും ഓണത്തപ്പനെ നിർമ്മിക്കുന്നത്.
ആവശ്യത്തിന് കളിമണ്ണ് ഉണ്ടെങ്കിലും നിയമത്തിന്റെ നൂലാമാലകൾ മൂലം ബംഗളൂരു, തഞ്ചാവൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് കളിമണ്ണ് എത്തിക്കുന്നത്. ജില്ലയിൽ എത്തുമ്പോൾ ഒരു കിലോ മണ്ണിന് 30 രൂപ ചെലവാകും.
ജില്ലയിൽ കളിമണ്ണ് സുലഭമായി ലഭിക്കുന്ന ഒട്ടനവധി പാടശേഖരങ്ങളുണ്ടായിട്ടും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അനുമതി നൽകുന്നില്ല.
സി.കെ. സുബ്രഹ്മണ്യൻ, സുരേഷ് തൃക്കാക്കര
മൺപാത്ര നിർമ്മാണ തൊഴിലാളി സംഘടന
ചെളിയുടെ ലഭ്യതക്കുറവ് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കിലും ഓണാഘോഷത്തിന്റെ ഭാഗമായി ഓണത്തപ്പന്റെ നിർമ്മാണം അതിവേഗം നടക്കുകയാണ്.
പി.എ. ഷാജഹാൻ
പ്രസിഡന്റ്
കീഴ്മാട് ഖാദി ഗ്രാമ സഹകരണ സംഘം