
കൊച്ചി: സംസ്ഥാന സർക്കാരിന്റെ ലോജിസ്റ്റിക്‌സ് പാർക്സ് നയം മന്ത്രിസഭയിൽ അവതരിപ്പിച്ച ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ പുറത്തിറക്കുമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പ്രധാനമന്ത്രി പ്രഖ്യാപിച്ച ദേശീയ മാരിടൈെ ക്ലസ്റ്റർ പദ്ധതിയിൽ കേരളത്തിന് ഈ നയം മേൽക്കൈ നൽകും. കെ.എസ്.ഐ.ഡി.സിയുടെ സംസ്ഥാന മാരിടൈം ക്ലസ്റ്ററിനും ഇതു വഴി മികച്ച ഗുണമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഐ.ഡി.സി കൊച്ചിയിൽ സംഘടിപ്പിച്ച മാരിടൈം ആൻഡ് ലോജിസ്റ്റിക്‌സ് റൗണ്ട് ടേബിൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോജിസ്റ്റിക്‌സ് പാർക്കുകൾക്ക് ഏഴ് കോടി രൂപ വരെ സബ്‌സിഡിയും പാർക്കുകളെ വ്യവസായ മേഖലയായി പ്രഖ്യാപിക്കുകയും ചെയ്യുന്നതടക്കം നിരവധി ശുപാർശകൾ നയത്തിൽ പരാമർശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിൻ ഷിപ്പ് യാർഡ് സി.എം.ഡി മധു എസ്. നായർ മുഖ്യാതിഥിയായിരുന്നു.
വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, എം.ഡിയും വ്യവസായവകുപ്പ് ഡയറക്ടറുമായ എസ്. ഹരികിഷോർ, എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ. ഹരികൃഷ്ണൻ തുടങ്ങിയർ സംസാരിച്ചു.
കേരളത്തിന്റെ സമുദ്രസാദ്ധ്യതകൾ എങ്ങിനെ പൂർണമായും ഉപയോഗപ്പെടുത്താം എന്ന വിഷയത്തിൽ പാനൽ ചർച്ചയും നടന്നു.
കെ.എസ്.ഐ.എൻ.സി എം.ഡി ആർ. ഗിരിജ, ടി.വി.എസ് ഗ്ലോബൽ ഫ്രൈറ്റ് സൊല്യൂഷൻസ് ജി.എം എം.എസ്.ആർ കുമാർ, മാരിടാം ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം സി.ഇ.ഒ ശ്രീകുമാർ കെ. നായർ, സത്വ ലോജിസ്റ്റിക്‌സ് ഡയറക്ടർ പത്മനാഭൻ സന്താനം, സീഹോഴ്‌സ് ഗ്രൂപ്പ് റീജിയണൽ മാനേജർ പ്രകാശ് അയ്യർ, ട്രാൻസ് ഏഷ്യൻ ഷിപ്പിംഗ് സർവീസസ് എം.ഡി ജോൺസൺ മാത്യു കൊടിഞ്ഞൂർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.