
കൊച്ചി: മോഹൻലാലിനെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ പ്രതിയായ യുട്യൂബർ അജു അലക്‌സ് (ചെകുത്താൻ) പൊലീസ് പീഡനമാരോപിച്ച് ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുൺ സർക്കാരിന്റെ വിശദീകരണം തേടി. ജാമ്യം അനുവദിച്ചിട്ടും തന്നെ പൊലീസ് വേട്ടയാടുന്നത് തടയണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലഫ്റ്റനന്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ മേഖല സന്ദർശിച്ചിരുന്നു. ഇതിനെക്കുറിച്ച് ഹർജിക്കാരൻ യുട്യൂബ് ചാനലിലൂടെ അപകീർത്തികരമായ പരാമർശം നടത്തിയിരുന്നു. തുടർന്ന് നടൻ സിദ്ദിഖിന്റെ പരാതിയിൽ തിരുവല്ല പൊലീസ് അജുവിനെതിരേ കേസെടുക്കുകയായിരുന്നു.