ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സ്ഥാനം സി.പി.എമ്മിന് വീണ്ടും ലഭിച്ചുവെങ്കിലും രാജിവെച്ച സി.പി.എം പ്രതിനിധി തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നത് തിരിച്ചടിയായി.
ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ ഒന്നാം വാർഡ് മെമ്പർ റസീന നജീബ് ആണ് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ചെയർമാൻ കെ.കെ. നാസറാണ് യോഗത്തിൽ പങ്കെടുക്കാതെ വിട്ടുനിന്നത്. നാലംഗ കമ്മിറ്റിയിൽ മൂന്ന് പേർ സി.പി.എമ്മും ഒരാൾ കോൺഗ്രസ് പ്രതിനിധിയുമാണ്. സി.പി.എം പ്രതിനിധി സിമി അഷറഫിന്റെ പിന്തുണയോടെയാണ് റസീന തിരഞ്ഞെടുക്കപ്പെട്ടത്.
സി.പി.എം പ്രാദേശിക നേതൃത്വവുമായുള്ള ഭിന്നതയെ തുടർന്നാണ് കെ.കെ. നാസർ കഴിഞ്ഞ മാസം 20ന് പാർട്ടിയെ അറിയിക്കാതെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകിയത്.
19 അംഗ പഞ്ചായത്ത് ഭരണസമിതിയിൽ ഭണപക്ഷത്തെ 10 പേരിൽ ഒരാൾ രണ്ട് വർഷത്തോളമായി വിദേശത്താണ്. ഈ സാഹചര്യത്തിൽ ഭരണ - പ്രതിപക്ഷ നിരകളിൽ ഒമ്പത് വീതം അംഗങ്ങളാണുള്ളത്. വിദേശത്തുള്ളയാൾ രണ്ട് തവണ നാട്ടിലെത്തിയാണ് പഞ്ചായത്ത് അംഗത്വവും ഭരണവും നിലനിർത്തുന്നത്. നിയമാനുസൃതം ഇനി അവധി ലഭിക്കില്ല. ഇതിനിടയിൽ നാട്ടിലുള്ള ഒരാൾ സി.പിഎമ്മിനോട് മുഖം തിരിഞ്ഞുനിന്നാൽ കാര്യങ്ങളെല്ലാം കീഴ്മേൽ മറിയും.
വിദേശത്തുള്ള അംഗം നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചപ്പോൾ ആ സ്ഥാനത്തേയ്ക്ക് തന്നെ പരിഗണിക്കാതിരുന്നതാണ് കെ.കെ. നാസറിന്റെ രാജിക്ക് കാരണം. ഇതേതുടർന്ന് പലവട്ടം പഞ്ചായത്ത് പ്രസിഡന്റുമായി പരസ്യ തർക്കവും ഉണ്ടായിട്ടുണ്ട്. പഞ്ചായത്ത് കമ്മിറ്റികളിൽ പാർട്ടി നിലപാടുകളിൽ നിന്ന് വ്യത്യസ്ഥമായി അഭിപ്രായവും രേഖപ്പെടുത്താറുണ്ട്.