okkal-farm

പെരുമ്പാവൂർ: ഒക്കൽ ഫാം ഫെസ്റ്റ് സമാപിച്ചെങ്കിലും കുട്ടികളുമായി തിരക്കൊഴിഞ്ഞ പാടവരമ്പിൽ കാഴ്ചകൾ ആസ്വദിക്കാൻ എത്തുന്നവരുടെ ഒഴുക്ക് തുടരുന്നു. കുട്ടികളെ കൃഷിയിലൂടെ പ്രകൃതിയുടെ താളത്തിലേക്ക് കൊണ്ട് വരാൻ സാധിച്ചു എന്നതാണ് ഈ ഫെസ്റ്റിന്റെ വിജയമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ പറഞ്ഞു. പ്രകൃതി സംരക്ഷണത്തിന്റെ ചുമതല സമൂഹത്തിന്, പ്രത്യേകിച്ച് വരും തലമുറയ്ക്ക് കൈമാറുകയാണ് വിദ്യാഭ്യാസ ടൂറിസം പദ്ധതിയുടെ ലക്ഷ്യമെന്ന് വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ സനിത റഹിമും അഭിപ്രായപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിൽ പ്രവർത്തിക്കുന്നവർക്ക് പ്രകൃതിസംരക്ഷണ പ്രവർത്തനങ്ങളിൽ എങ്ങനെ പങ്കാളികളാകാം എന്ന ബോധവത്കരണ ലക്ഷ്യം കൈവരിക്കാൻ ഫെസ്റ്റ് സഹായകരമായെന്ന് ഒക്കൽ ഫാം സൂപ്രണ്ട് ഫിലിപ്പ് ജി. കാനാട്ട് പറഞ്ഞു. പൊതുജന താത്പര്യം കണക്കിലെടുത്ത് ഈ മാസം 10വരെ സന്ദർശകർക്ക് പ്രവേശനം സൗജന്യമായിരിക്കും. ഫാം സന്ദർശനത്തിനായി സ്ഥിരം സംവിധാനം ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.