
ആലുവ: എടത്തല മുതിരക്കാട്ടുമുകൾ ഇ.എം.എസ് സ്മാരക ഗ്രന്ഥശാലയിൽ നവോത്ഥാന നായകരെ അനുസ്മരിക്കുന്ന പ്രഭാഷണ പരമ്പരക്ക് തുടക്കം. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി ഉദ്ഘാടനം ചെയ്തു. ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാല പ്രസിഡന്റ് രതീഷ് വി. നായർ അദ്ധ്യക്ഷനായി. എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഗ്രന്ഥശാല വൈസ് പ്രസിഡന്റ് സി.കെ. ലിജി, കാലടി സംസ്‌കൃത സർവകലാശാലയിൽ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. ശരണ്യ ഷാജി, മഹാത്മാഗാന്ധി സർവകലാശാല എം.എസ്‌സി ഇലക്ട്രോണിക്‌സിൽ ഒന്നാം റാങ്ക് നേടിയ ടി.എസ്. റൈഹാനത്ത്, പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നേടിയ അതുൽ കൃഷ്ണൻ എന്നിവരെ ആദരിച്ചു. കെ.പി. ശിവകുമാർ, ബി. ഹരികുമാർ എന്നിവർ സംസാരിച്ചു. വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് സമാഹരിച്ച 10,000 രൂപ താലൂക്ക് ലൈബ്രറി കൗൺസിലിന് കൈമാറി.