snvhss

പറവൂർ: സ്കൂൾ വിദ്യാർത്ഥികളുടെ തുടർപഠനം, തൊഴിൽ എന്നിവയുടെ മാർഗനിർദേശങ്ങളടങ്ങിയ കരിയർ എഫ്.എം വാർത്ത പ്രക്ഷേപണത്തിന് നന്ത്യാട്ടുകുന്നം എസ്.എൻ.വി സംസ്കൃതം ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി. കുട്ടികൾക്ക് ഓരോ മേഖലയേയും പരിചയപ്പെടുത്തുന്നതോടൊപ്പം ഇവ തിരഞ്ഞെടുക്കാനുള്ള മാർഗവും പഠിക്കേണ്ട സ്ഥാപനങ്ങളും കരിയർ എഫ്.എമ്മിൽ സംപ്രേഷണം ചെയ്യും. രാജ്യത്തേയും സംസ്ഥാനത്തെയും ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോഴ്സുകൾ, തൊഴിൽ സാദ്ധ്യതകൾ തുടങ്ങിയവ രണ്ട് മിനിറ്റുള്ള ലഘുവിവരണത്തിലുണ്ടാകും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് സെൽ തയ്യാറാക്കിയ ഓഡിയോ കൂടാതെ എസ്.എൻ.വി കരിയർ ഗൈഡൻസ് സെന്റർ തയ്യാറാക്കിയട്ടുള്ള അമ്പതിലധികം ഓഡിയോ എഫ്.എമ്മിലൂടെ കേൾപ്പിക്കും. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന തയ്യാറാക്കിയ വിവരങ്ങൾ വിദ്യാർത്ഥികളാണ് വായിക്കുന്നത്. അസംബ്ളിയിലും ഉച്ചയ്ക്കുള്ള വിശ്രമവേളയിലുമാണ് സംപ്രേഷണം. സ്കൂളിലെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് സെന്ററിനാണ് ചുമതല. കരിയർ എഫ്.എം സ്കൂൾ മാനേജർ സി.എൻ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസി. മാനേജർ പി.എസ്. ജയരാജ് അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ വി. ബിന്ദു, പി.ടി.എ പ്രസിഡന്റ് കെ.ബി. സുഭാഷ്, പ്രോഗ്രാം കോ ഓഡിനേറ്റർ പ്രമോദ് മാല്യങ്കര എന്നിവർ സംസാരിച്ചു.