പള്ളുരുത്തി: വാഹന അപകടത്തിൽ കൈവിട്ടുപോയ ജീവിതം തിരിച്ചുപിടിച്ച് എഴുത്തിന്റെ ലോകത്തേക്ക് വീണ്ടും മടങ്ങിയെത്തുകയാണ് എം.വി. ബെന്നി. അപകടത്തിനുശേഷം ഏറെ പണിപ്പെട്ട് അദ്ദേഹം തയ്യാറാക്കിയ ലേഖനങ്ങളടങ്ങിയ പുസ്തകമാണ് പുറത്തിറങ്ങുന്നത്. മരണക്കിടയിൽനിന്ന് ജീവിതത്തിലേക്ക് നടന്നു കയറിയ ആളുടെ പുസ്തകമാണിത്. മലയാള സാഹിത്യചരിത്രത്തിൽ സമാനതകളില്ലാത്ത അനുഭവമാണിത്. അപകടത്തിൽ ഓർമ്മ നഷ്ടപ്പെട്ടയാൾ അത് വീണ്ടെടുത്തശേഷം എഴുതിയ പുസ്തകം പുതിയ ചരിത്രമായാണ് പുറത്തിറങ്ങുന്നത്.
2014 മേയ് 19ന് നടന്ന വാഹനാപകടത്തെ തുടർന്നാണ് ബെന്നിയുടെ ജീവിതത്തിന്റെ താളംതെറ്റിയത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ അദ്ദേഹം 37 ദിവസം ബോധമില്ലാതെ കിടന്നു. ജീവിതത്തിലേക്ക് തിരിച്ച് വരാനുളള സാദ്ധ്യതകൾ തീരെക്കുറവാണെന്ന് ഡോക്ടർമാർ വിലയിരുത്തി. രക്ഷപ്പെട്ടാലും ഓർമ പഴയതുപോലെ കിട്ടില്ലെന്നും സൂചിപ്പിച്ചു. രണ്ട് മേജർ ശസ്ത്രക്രിയകൾ ഉൾപ്പെടെ ചികിത്സകൾ തുടർന്നു. നിരവധി മാസങ്ങൾ കഴിഞ്ഞപ്പോൾ ബെന്നി പതിയെ ജീവിതത്തിലേക്ക് ചുവടുവച്ചു. ഇതിനിടെ അക്ഷരങ്ങൾ മറന്നിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം അക്ഷരങ്ങൾ ആദ്യംമുതൽ എഴുതി പഠിച്ചു. പതിയെപ്പതിയെ മലയാളം കൂട്ടിവായിക്കാമെന്നായി. അപ്പോഴും കണ്ണിന് പ്രശ്‌നങ്ങളുണ്ടായി. എല്ലാ ബുദ്ധിമുട്ടുകളെയും അതിജീവിച്ച് ആദ്യം അദ്ദേഹം വായനയിലേക്ക് തിരിച്ചുവന്നു. ഇടയ്ക്ക് പൊതുവേദികളിലെത്തി. ഓർമ്മകൾ പൂർണമായും തിരിച്ചുകിട്ടാൻ പിന്നെയും കാലമെടുത്തു. വർഷങ്ങൾ കഴിഞ്ഞതോടെ അദ്ദേഹം എഴുതിത്തുടങ്ങി.
കൊച്ചിയുടെ സാംസ്‌കാരികമുഖമായ എം.വി. ബെന്നിയുടെ സാഹിത്യ ലോകത്തേക്കുള്ള തിരിച്ചുവരവ് നാടിന്റെ സന്തോഷമാണ്. ബെന്നിയുടെ പുസ്തക പ്രകാശനത്തോടൊപ്പം അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങുകൂടി ജന്മനാടായ പള്ളുരുത്തിയിൽ സംഘടിപ്പിക്കുകയാണ്. 8ന് വൈകിട്ട് 4 ന് പള്ളുരുത്തി ശ്രീഭവാനീശ്വര കല്യാണമണ്ഡപത്തിൽ നടക്കുന്ന ചടങ്ങ് പ്രൊഫ. എം.കെ. സാനു ഉദ്ഘാടനം ചെയ്യും. ടി.പി. പീതാംബരൻ അദ്ധ്യക്ഷത വഹിക്കും. എം.വി. ബെന്നിയുടെ പുസ്തകമായ ദിനവൃത്താന്തത്തിന്റെ പ്രകാശനം കവയിത്രി വിജയലക്ഷ്മി നിർവഹിക്കും. എ.കെ. സന്തോഷ് പുസ്തകം ഏറ്റുവാങ്ങും. പി.എഫ്. മാത്യൂസ് മുഖ്യപ്രഭാഷണം നടത്തും.