കൊച്ചി: കടവന്ത്ര എൻ.എസ്.എസ് കരയോഗത്തിന്റെയും വനിതാസമാജത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ഓണം വിപണനമേള കടവന്ത്ര ദേവീക്ഷേത്രത്തിൽ ഇന്നുമുതൽ 15വരെ നടത്തും. രാവിലെ 8.30ന് കണയന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ പ്രസിഡന്റ് ഡോ. എൻ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ആദ്യവില്പന കരയോഗം സെക്രട്ടറി എൻ.പി. അനിൽകുമാർ മേൽശാന്തി പ്രകാശ് നമ്പൂതിരിക്ക് നൽകി നിർവഹിക്കും. കരയോഗം പ്രസിഡന്റ് മധു എടനാട്ട് അദ്ധ്യക്ഷതവഹിക്കും. കരയോഗത്തിലെ സ്വാശ്രയ സംഘങ്ങളിലെ വനിതകൾ തയ്യാറാക്കിയ കായവറുത്തത്, ശർക്കരവരട്ടി, പുളിയിഞ്ചി, വടുകപ്പുളി, നാരങ്ങ അച്ചാറുൾപ്പെടെയുള്ള അച്ചാറുകൾ, കൊണ്ടാട്ടങ്ങൾ, പപ്പടം, തൃക്കാക്കരയപ്പൻ എന്നിവയും പൂരാടം, ഉത്രാടം, തിരുവോണം ദിവസങ്ങളിൽ ഗോതമ്പ്, പാലടപ്രഥമനും വിപണനമേളയിൽ ഉണ്ടായിരിക്കും.