
കൊച്ചി: അരലക്ഷം കേസുകൾ തീർപ്പാക്കിയെന്ന അപൂർവനേട്ടം കൈവരിച്ച് ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്. ഭൂവിനിയോഗവുമായി ബന്ധപ്പെട്ട അപ്പീലിൽ ചൊവ്വാഴ്ച ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് ജസ്റ്റിസ് മുഷ്താഖ് 50,000 കേസ് തികച്ചത്.
2014 ൽ ഹൈക്കോടതിയിൽ അഡിഷണൽ ജഡ്ജിയായി നിയമിതനായി. 2016ൽ സ്ഥിരം ജഡ്ജിയായി. കഴിഞ്ഞ ജൂലായ് അഞ്ചിന് ആക്ടിംഗ് ചീഫ് ജസ്റ്റിസായി നിയമിക്കപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട്, മൂന്നാർ കൈയേറ്റം തുടങ്ങിയ വിഷയങ്ങളിൽ ശക്തമായ ഇടപെടൽ നടത്തിയത് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് അദ്ധ്യക്ഷനായ ബെഞ്ചാണ്. ഹൈക്കോടതിയിലെ ഡിജിറ്റലൈസേഷന് നേതൃത്വം നൽകിയതും ഇദ്ദേഹമാണ്.
കണ്ണൂർ സ്വദേശിയാണ്.
ടി. മിനി സംസ്കൃത സർവകലാശാല സിൻഡിക്കേറ്റിൽ
തിരുവനന്തപുരം: സംസ്കൃത സർവകലാശാലാ സിൻഡിക്കേറ്റ് അംഗമായി ഡോ. ടി. മിനിയെ ഗവർണർ നാമനിർദ്ദേശം ചെയ്തു. സർവ്വകലാശാലയുടെ ഫാക്കൽറ്റി ഒഫ് അദർ സാൻസ്ക്രിറ്റ് സ്റ്റഡീസ് വിഭാഗം ഡീനും കാലടി മുഖ്യക്യാമ്പസിലെ സംസ്കൃതം സാഹിത്യ വിഭാഗം പ്രൊഫസറുമാണ്. രണ്ട് വർഷത്തേക്കാണ് നിയമനം.
സംസ്കൃത സർവകലാശാലയുടെ വിദ്യാർത്ഥി സേവന വിഭാഗം ഡയറക്ടറായി ഡോ. വി. കെ. ഭവാനിയെ താത്കാലികമായി നിയമിച്ചു. സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ സംസ്കൃതം ന്യായവിഭാഗം അസിസ്റ്റന്റ് പ്രൊഫസറാണ്.
ജലവൈദ്യുത പദ്ധതികൾ പൂർത്തിയാക്കുക ലക്ഷ്യം: മന്ത്രി കൃഷ്ണൻകുട്ടി
ഇടുക്കി: മുടങ്ങിക്കിടക്കുന്ന ജലവൈദ്യുത പദ്ധതികൾ എത്രയും വേഗം പൂർത്തിയാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി പറഞ്ഞു. മൂലമറ്റം കെ.എസ്.ഇ.ബി സർക്യൂട്ട് ഹൗസിൽ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചർച്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഉപഭോഗം ഏറെയുള്ള സമയങ്ങളിൽ വലിയവില കൊടുത്താണ് വൈദ്യുതി വാങ്ങുന്നത്. മുടങ്ങിക്കിടക്കുന്ന പദ്ധതികൾ പൂർത്തീകരിച്ചാൽ പ്രശ്നം ഒരുപരിധി വരെ പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. സബ്ജക്ട് കമ്മിറ്റി അംഗങ്ങളായ വാഴൂർ സോമൻ, പി. നന്ദകുമാർ, എ. പ്രഭാകരൻ, കെ.കെ. രാമചന്ദ്രൻ, അൻവർ സാദത്ത് എന്നിവരും യോഗത്തിൽ പങ്കെടുത്തു. പള്ളിവാസൽ, ഇടുക്കി ഡാമുകൾ, മൂലമറ്റം പവർഹൗസ് എന്നിവിടങ്ങൾ നിയമസഭാ സബ്ജക്ട് കമ്മിറ്റി രണ്ടു ദിവസത്തിനിടെ സന്ദർശിച്ചു.