
പെരുമ്പാവൂർ: കേരളകൗമുദി വാർത്ത ഫലം കണ്ടു. കുറ്റിക്കാടിനുള്ളിലെ ഇലക്ടിക് വാഹന ചാർജിംഗ് സ്റ്റേഷന് ശാപമോക്ഷമായി. വെങ്ങോലയിലെ കുറ്റിക്കാടിനുള്ളിലെ വാഹന ചാർജിംഗ് സ്റ്റേഷൻ എന്ന തലക്കെട്ടോടുകൂടി ഇന്നലെ കേരള കൗമുദി റിപ്പോർട്ട് വന്നതിന് പിന്നാലെ രാവിലെ തന്നെ കെ.എസ്.ഇ.ബി അധികൃതർ കാടു മുഴവൻ വെട്ടിത്തെളിച്ച് സഞ്ചാരയോഗ്യമാക്കി. എങ്കിലും വാഹനം ചാർജ് ചെയ്യാൻ എത്തുന്നവർക്ക് മഴ നനയാതെ നിൽക്കാനുള്ള സൗകര്യം ഇതുവരെയായിട്ടില്ല. ഇന്നലെയും ചാർജിംഗിനായി വന്ന ടൂവീലർ യാത്രക്കാർ മഴ നനഞ്ഞു കൊണ്ടാണ് ചാർജ് ചെയ്തത്. ഇതിനോട് ചേർന്ന് താത്കാലികമായെങ്കിലും മഴ നനയാതിരിക്കാനുള്ള സൗകര്യം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.