കൊച്ചി: മകന്റെ ഏഴാംജന്മദിനം ആഘോഷിക്കാൻ സിംഗപ്പൂരിലേക്ക് പുറപ്പെട്ടവരെ പാതിവഴിയിൽ വിലക്കി യാത്ര ദുരിതപൂർണമാക്കിയ മെലിൻഡോ എയർലൈൻസിന് ഏഴേകാൽലക്ഷംരൂപ പിഴചുമത്തി എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കോടതി.
പാസ്പോർട്ടിന് സാധുവല്ലെന്ന പേരിലാണ് സിംഗപ്പൂരിൽ കുടുംബത്തെ തടഞ്ഞുവച്ചത്. മറ്റുള്ളവരുടെ ടിക്കറ്റുകളും റദ്ദാക്കി. ആറുമാസംകൂടി പാസ്പോർട്ടിന് കാലാവധി ഉണ്ടായിരുന്നു. തെറ്റ് തിരിച്ചറിഞ്ഞ് വേറെ ടിക്കറ്റ് നൽകിയെങ്കിലും നാലുദിവസത്തെ യാത്ര പ്ലാൻചെയ്ത കുടുംബത്തിന് രണ്ടുദിവസം നഷ്ടമായി.
കൊച്ചിയിലെ അഭിഭാഷകനായ സി.എ. മജീദ്, ഭാര്യ, മക്കൾ, മാതാവ് ഉൾപ്പെടെ ഏഴംഗ കുടുംബമാണ് പുറപ്പെട്ടത്. കൊച്ചിയിൽനിന്ന് കോലാലംപൂരിലെത്തിയപ്പോൾ ഭാര്യയ്ക്ക് സിംഗപ്പൂരിലേക്കുള്ള യാത്ര എയർലൈൻസ് വിലക്കി. ഭാര്യ കുഴഞ്ഞുവീണിട്ടും കമ്പനി ശ്രദ്ധിച്ചില്ല. പിന്നീട് തെറ്റ് തിരിച്ചറിഞ്ഞ് മറ്റൊരു വിമാനത്തിലാണ് ഇവരെ സിംഗപ്പൂരിൽ എത്തിച്ചത്. ഇതിനിടെ കോലാലംപൂരിൽ ഇറക്കിയ ലഗേജ് കാണാതായി.
ട്രാവൽ ഏജൻസി മാത്രമാണ് കോടതിയിൽ ഹാജരായത്. ടിക്കറ്റെടുത്തു നൽകുക മാത്രമാണ് ചെയ്തതെന്നും ബുദ്ധിമുട്ടുകൾക്ക് ഏജൻസി ഉത്തരവാദി അല്ലെന്നും അവർ ബോധിപ്പിച്ചു. എയർലൈൻസ് എക്സ് പാർട്ടിയായി.
പരാതിക്കാർക്ക് നീതി ലഭ്യമാക്കുക മാത്രമല്ല ഉപഭോക്താവിന്റെ അന്തസ് ഉയർത്തിപ്പിടിക്കുക കൂടിയാണ് ഈ വിധിയിലൂടെ കോടതി നിർവഹിക്കുന്നതെന്ന് ഡി.ബി. ബിനു പ്രസിഡന്റും വി. രാമചന്ദ്രൻ ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ചിന്റെ ഉത്തരവിൽ വിലയിരുത്തി. 7 പേർക്ക് ഓരോലക്ഷം രൂപവീതം കണക്കാക്കി 7 ലക്ഷംരൂപയും കോടതിച്ചെലവായി 25,000 രൂപയും നൽകാനാണ് കോടതി നിർദ്ദേശം.