pddp
പി.ഡി.ഡി.പിയുടെ ക്ഷീരകർഷകർക്കുള്ള ക്ഷേമ പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു

കൊച്ചി: പീപ്പിൾസ് ഡയറി ഡെവലപ്‌മെന്റ് പ്രൊജക്ട് (പി.ഡി.ഡി.പി) സെൻട്രൽ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. പി.ഡി.ഡി.പി ക്ഷീരകർഷക ക്ഷേമപ്രവർത്തന പദ്ധതികളുടെ ഭാഗമായുള്ള കന്നുകുട്ടി പരിപാലന പദ്ധതിയും പൊതുസമ്മേളനവും അങ്കമാലിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

200ൽ അധികം പാൽ സൊസൈറ്റികളും രണ്ടായിരത്തിലധികം മിൽക് ബൂത്തുകളും ഒരുലക്ഷം ലിറ്റർ സ്ഥാപിത ശേഷിയുള്ള അത്യാധുനിക ഡയറി പ്ലാന്റുമുള്ള പി.ഡി.ഡി.പിക്ക് ക്ഷീരസംരക്ഷണ മേഖലയിൽ മികച്ച സംഭാവനകൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു.

സർക്കാർ, ത്രിതല പഞ്ചായത്ത് തലത്തിൽ ക്ഷീരകർഷകർക്ക് നൽകുന്ന ആനുകൂല്യങ്ങൾ പി.ഡി.ഡി.പിയിലെ കർഷകർക്കും ലഭ്യമാക്കണമെന്ന് ബെന്നി ബെഹന്നാൻ എം.പി പറഞ്ഞു. കർഷകർക്കുള്ള ബോണസ് വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തീറ്റപ്പുൽ കൃഷി പദ്ധതി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടനും ക്ഷീരകർഷകർക്കുള്ള ഓണക്കിറ്റ് വിതരണം കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പിള്ളിയും പ്രത്യേക ധനസഹായ പദ്ധതി അങ്കമാലി മുനിസിപ്പൽ ചെയർമാൻ മാത്യു തോമസും ഉദ്ഘാടനം ചെയ്തു. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ മോൺ. ആന്റണി പെരുമായൻ അദ്ധ്യക്ഷത വഹിച്ചു. പി.ഡി.ഡി.പി സി.എസ് ചെയർമാൻ ഫാ. തോമസ് മങ്ങാട്ട്, സെക്രട്ടറി എ.സി ജോൺസൺ, വൈസ് ചെയർമാൻ ഫാ. ബിജോയി പാലാട്ടി എന്നിവർ സംസാരിച്ചു.