കൊച്ചി: വ്യാജരേഖ ചമച്ച് ഒരേപേരിൽ ലക്ഷദ്വീപിലേയ്ക്ക് കപ്പലിൽ യാത്രചെയ്യാൻ ശ്രമിച്ച രണ്ടുപേരെ വ്യവസായസുരക്ഷാസേന (സി.ഐ.എസ്.എഫ്) പിടികൂടി. പനങ്ങാട്ടെ മദ്രസയിലെ ഉസ്താദായ മുഹമ്മദ് അബ്ദുൾ റഹിം, പ്രവാസിയായ മുഹമ്മദ് സുഹൈൽ എന്നിവരാണ് പിടിയിലായത്.

എം.വി ലഗൂൺസ് കപ്പലിൽ ആന്ത്രോത്തിലേയ്ക്ക് പോകാനാണ് മുഹമ്മദ് സുഹൈൽ എന്ന പേരിലുള്ള ടിക്കറ്റുമായി എത്തിയത്. രേഖകൾ പരിശോധിച്ചപ്പോൾ മുഹമ്മദ് അബ്ദുൾ റഹിം എന്നയാളാണെന്ന് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. ചോദ്യംചെയ്യലിൽ ബന്ധു മുഹമ്മദ് സുഹൈൽ അതേ കപ്പലിൽ കയറിയതായി അറിയിച്ചു. മുഹമ്മദ് സുഹൈലിന്റെ അറിവോടെയാണ് വ്യാജടിക്കറ്റ് നിർമ്മിച്ചതെന്നും മൊഴിനൽകി. തുടർന്ന് ലക്ഷദ്വീപ് പൊലീസിന്റെ സഹായത്തോടെ മുഹമ്മദ് സുഹൈലിനെ കപ്പലിൽ നിന്നിറക്കി. ഇരുവരെയും തുടർനടപടികൾക്കായി ഹാർബർ പൊലീസിന് കൈമാറിയതായി സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാൻഡർ അറിയിച്ചു.