കൊച്ചി: വയോജനങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം ലക്ഷ്യമിട്ട് സംസ്ഥാന ആയുഷ് വകുപ്പിന്റെ നേതൃത്വത്തിൽ സ്‌പെഷ്യൽ വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. നാഷണൽ ആയുഷ് മിഷൻ, ഭാരതീയ ചികിത്സാവകുപ്പ്, ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദം,ഹോമിയോപ്പതി, യോഗ നാച്ചുറോപ്പതി,സിദ്ധ, യൂനാനി തുടങ്ങിയ എല്ലാ ആയുഷ് വിഭാഗങ്ങളേയും ഉൾക്കൊള്ളിച്ചുകൊണ്ടാണ് മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ജില്ലയിൽ 213 വയോജന മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് നാഷണൽ ആയുഷ്‌മിഷൻ പ്രോഗ്രാം മാനേജർ ഡോ. ജയകൃഷ്ണൻ കെ.വി.പി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വയോജന മെഡിക്കൽ ക്യാമ്പുകളുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് എറണാകുളം ജില്ലാ ആയുർവേദ ആശുപത്രിയിൽ ഹൈബി ഈഡൻ എം പി നിർവഹിക്കും. ആയുർവേദ വയോജന മെഡിക്കൽ ക്യാമ്പ് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.

ഡിസ്‌പെൻസറികൾ, ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങൾ, ആയുഷ് പ്രൈമറി ഹെൽത്ത് സെന്ററുകൾ, ട്രൈബൽ ആയുഷ് ഡിസ്‌പെൻസറികൾ എന്നിവ മുഖേന പ്രാദേശികാടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. വാർത്താസമ്മേളനത്തിൽ ഡോ. മേഴ്‌സി ഗോൺസാൽവസ്, ഡോ. സാഗർ മനോഹരൻ, ഡോ.വി.കെ. കൃഷ്‌ണേന്ദു എന്നിവർ പങ്കെടുത്തു.