nivin

കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനംചെയ്ത് ദുബായിലെത്തിച്ച് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ നടൻ നിവിൻ പോളിയടക്കം ആറു പേർക്കെതിരെ പൊലീസ് കേസ്.ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയത്.

വിദേശ ജോലിക്ക് റിക്രൂട്ട്‌മെന്റ് ഏജൻസി നടത്തുന്ന ശ്രേയയെന്ന യുവതിയാണ് ഒന്നാം പ്രതി. നിർമ്മാതാവ് എ.കെ. സുനിൽ, ബിനു, ബഷീർ, കുട്ടൻ എന്നിവരാണ് രണ്ട് മുതൽ അഞ്ച് വരെ പ്രതികൾ. പീഡനം, കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ വകുപ്പുകളാണ് ചുമത്തിയത്.

എറണാകുളം നേര്യമംഗലം സ്വദേശിനി തിരുവനന്തപുരത്ത് പ്രത്യേക അന്വേഷണ സംഘത്തിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഊന്നുകൽ പൊലീസാണ് എഫ്.ഐ. ആർ രജിസ്റ്റർ ചെയ്തത്.

യൂറോപ്പിൽ ജോലിക്കായാണ് യുവതി ശ്രേയയെ സമീപിച്ചത്. കഴിഞ്ഞ നവംബറിൽ ദുബായിലേക്ക് കൊണ്ടുപോയി ഹോട്ടലിൽ പീഡിപ്പിച്ചെന്നാണ് മൊഴി. രണ്ട്ദിവസം മുമ്പാണ് യുവതി എസ്.ഐ.ടിയെ സമീപിച്ചത്.

ഒന്നാം പ്രതിയുടെയും മൂന്നും നാലും അഞ്ചും പ്രതികളുടെയും വിശദവിവരങ്ങൾ പരാതിയിൽ പറയുന്നില്ലെന്ന് ഊന്നുകൽ എസ്.എച്ച്.ഒ വിനോദ് വ്യക്തമാക്കി. ഇതെല്ലാം അന്വേഷണത്തിൽ കണ്ടെത്തും. പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. തുടർനടപടികൾ പ്രത്യേക സംഘം കൈക്കൊള്ളും.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നശേഷമുള്ള വെളിപ്പെടുത്തലുകളിൽ എറണാകുളം ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ഇതോടെ 11ആയി.

പരാതിക്കാരിയെ കണ്ടിട്ടില്ല,
അറിയില്ല: നിവിൻ പോളി

തനിക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ച സ്ത്രീയെ നേരിട്ടു കാണുകയോ ഫോൺ വിളിക്കുകയോ വാട്സ് ആപ്പിൽ സന്ദേശം അയയ്‌ക്കുകയോ ചെയ്തിട്ടില്ലെന്ന് നടൻ നിവിൻ പോളി പറഞ്ഞു.

മന:പൂർവം അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടോ എന്ന് സംശയമുണ്ട്. പരാതി നൂറുശതമാനവുംഅടിസ്ഥാന രഹിതമാണ്.എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത സ്ഥിതിക്ക് നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം തെളിയിക്കാൻ ഏതറ്റം വരെയും പോകും. അന്വേഷണവുമായി പൂർണമായും സഹകരിക്കും.

ഒന്നരമാസം മുമ്പ് ഇതേ സ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് ഫോണിൽ വിളിച്ച് വിവരങ്ങൾ ചോദിച്ചിരുന്നു. അടിസ്ഥാന രഹിതമാണെന്ന് പറഞ്ഞപ്പോൾ പരാതി അവസാനിപ്പിച്ചതാണ്.