തോപ്പുംപടി: വ്യാജരേഖ ചമച്ച് ലക്ഷദ്വീപിലേയ്ക്ക് യാത്രയ്ക്ക് ശ്രമിച്ച രണ്ട് പേരെ ഹാർബർ പൊലീസ് അറസ്റ്റ് ചെയ്തു. ലക്ഷദ്വീപ് എടക്കാട് പതുമാട സ്വദേശി മുഹമ്മദ് സുഹൈൽ (30), ലക്ഷദ്വീപ് ആന്ത്രോത്ത് അവമ്മാട വീട്ടിൽ മുഹമ്മദ് അബ്ദുൾ റഹിം (31) എന്നിവരാണ് അറസ്റ്റിലായത്. എസ്.ഐമാരായ ജോർജ് , ഗിൽബർട്ട് റാഫേൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. വ്യാജ രേഖ ചമയ്ക്കൽ , ആൾ മാറാട്ടം എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ലക്ഷദ്വീപ് ആന്ത്രോത്തിലേയ്ക്കുള്ള എം.വി. ലഗൂൺ യാത്രാക്കപ്പലിൽ സുഹൈലിന് ലഭിച്ച ടിക്കറ്റിലെ ആധാർ നമ്പർ പ്രകാരം ഫോട്ടോ മാറ്റി അബ്ദുൾ റഹിം വ്യാജ ആധാർ സൃഷ്ടിച്ചതായാണ് കേസ് . വ്യാജ ആധാർ രേഖ സൃഷ്ടിച്ച് യാത്രയ്ക്ക് ശ്രമിക്കവേ സി.ഐ.എസ്.എഫ് പരിശോധനയിലാണ് ഇരുവരും പിടിയിലായത്. വ്യാജ രേഖ ചമച്ച് നൽകിയതിന് ലക്ഷദ്വീപ് സ്വദേശിക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു . കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ലഭ്യത ഏറെ വിഷമകരമാണന്നും ടിക്കറ്റ് കരിഞ്ചന്ത വ്യാപകമാണെന്നും പരാതി ഉയരുന്നുണ്ട്.