p

മെഡിക്കൽ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് 2025-26 മുതൽ നാഷണൽ എക്‌സിറ്റ് ടെസ്റ്റ് നിഷ്‌കർഷിക്കുന്ന നാഷണൽ മെഡിക്കൽ കമ്മിഷന്റെ തീരുമാനം വിവാദമാകുന്നു. 2021 ബാച്ച് വിദ്യാർത്ഥികൾക്കാണ് നെക്സ്റ്റ് (NExT) പരീക്ഷ നിർബന്ധമാക്കിയിരിക്കുന്നത്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിനാണ് നെക്സ്റ്റ് നടത്തിപ്പിന്റെ ചുമതല. ഇതിനെതിരായി രാജ്യത്തെ ആരോഗ്യ സർവകലാശാലകളിലെ വൈസ് ചാൻസലർമാർ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

നെക്സ്റ്റ് പരീക്ഷയെ എതിർത്ത് രാജ്യത്തെ മെഡിക്കൽ വിദ്യാർത്ഥികളും,ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും രംഗത്തെത്തി. നാഷണൽ മെഡിക്കൽ കമ്മിഷനാണ് (എൻ.എം.സി ) പ്രത്യേക റെഗുലേഷനിലൂടെ നെക്സ്റ്റ് പരീക്ഷ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത്. മെഡിക്കൽ വിദ്യാഭ്യാസത്തെ ആഗോള നിലവാരത്തിലെത്തിക്കുന്നതിനാണ് ഇത് ഏർപ്പെടുത്തുന്നതെന്ന് എൻ.എം.സി അവകാശപ്പെടുന്നു. ലോകത്തിലെ ഏത് മെഡിക്കൽ സ്‌കൂളിൽ നിന്ന് ബിരുദം പൂർത്തിയാക്കിയവർക്കും നെക്സ്റ്റ് പരീക്ഷ എഴുതണം. എന്നാൽ ഇംഗ്ലീഷ് സംസാരിക്കുന്ന അമേരിക്ക,യു.കെ,കാനഡ,ഓസ്‌ട്രേലിയ,ന്യൂസിലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇളവുണ്ട്.

പരീക്ഷ

രണ്ടു ഘട്ടം

നെക്സ്റ്റ് പരീക്ഷയ്ക്ക് രണ്ടു ഘട്ടങ്ങളുണ്ട്. മെഡിക്കൽ ബിരുദ കോഴ്‌സ് പൂർത്തിയാക്കിയവർക്ക് നെക്സ്റ്റ്-1 പരീക്ഷയെഴുതാം. ഇത് വിജയകരമായി പൂർത്തിയാക്കിയാലേ ഇന്റേൺഷിപ്പിന് യോഗ്യതയുള്ളൂ. ഇന്റേൺഷിപ് പൂർത്തിയാക്കിയശേഷം നാഷണൽ മെഡിക്കൽ കമ്മിഷന്റെ രജിസ്‌ട്രേഷൻ ലഭിക്കാൻ നെക്സ്റ്റ്-2 പരീക്ഷയെഴുതണം. വിദേശത്തു നിന്ന് ബിരുദം പൂർത്തിയാക്കി നാട്ടിൽ വരുന്നവർക്കുള്ള എഫ്.എം.ജി പരീക്ഷ നെക്സ്റ്റ് നടപ്പിലായാൽ ഇല്ലാതാകും. മെഡിക്കൽ പി.ജി പ്രവേശനം നെക്സ്റ്റ്-1 സ്‌കോറിന്റെ അടിസ്ഥാനത്തിലാകും. ക്രമേണ നീറ്റ് പി.ജി പരീക്ഷയും ഒഴിവാക്കും.

മൂന്ന് ദിവസത്തോളം നീണ്ടു നിൽക്കുന്ന പരീക്ഷയാണ് നെക്സ്റ്റ്. ഒബ്‌ജെക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. 60 ശതമാനം പ്രോബ്ലം സോൾവിംഗ്,30 ശതമാനം കോംപ്രിഹെൻഷൻ,10 ശതമാനം റീകാൾ എന്നിങ്ങനെയാണ് ചോദ്യത്തിന്റെ ഘടന. മെഡിസിൻ,സർജറി,ഗൈനക്കോളജി,സൈക്ക്യാട്രി,ഓർത്തോപീഡിക്‌സ്,ഡെർമറ്റോളജി,അനസ്‌തേഷ്യ ആൻഡ് റേഡിയോളജി എന്നീ 6 വിഷയങ്ങളിൽ നിന്നായി തിയറി,ക്ലിനിക്കൽ പ്രാക്ടീസ് എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളുണ്ടാകും. മൂന്ന് വർഷമാണ് നെക്സ്റ്റ്-1 സ്‌കോറിന്റെ വാലിഡിറ്റി.

വിദ്യാർത്ഥികളെ

കുഴപ്പിക്കും

എൻ.എം.സിയുടെ ധൃതി പിടിച്ചുള്ള തീരുമാനം വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കും. വിദേശ മെഡിക്കൽ സ്‌കൂളുകളിൽ നിന്നു പഠിച്ചിറങ്ങുന്നവർക്കുള്ള എഫ്.എം.ജി പരീക്ഷയുടെ ഇപ്പോഴത്തെ വിജയശതമാനം 20ൽ താഴെയാണ്. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസിന്റെ സമീപനവും വിദ്യാർത്ഥി സൗഹൃദമല്ല. ഇപ്പോഴുള്ള നീറ്റ് പി.ജി പരീക്ഷയ്ക്ക് പകരം നെക്സ്റ്റ്-1 ഏർപ്പെടുത്തുന്നത് അഭികാമ്യമല്ല. വിദ്യാർത്ഥികൾക്ക് മികച്ച രീതിയിൽ തയ്യാറെടുക്കാൻ ഇതിലൂടെ അവസരം ലഭിക്കില്ല. മാത്രമല്ല ബിരുദപഠന കാലയളവിൽ ഇത് വിദ്യാർത്ഥികളിൽ അമിത മാനസിക സമ്മർദ്ദത്തിനിടവരുത്തും. നെക്സ്റ്റിലൂടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മ വർദ്ധിക്കുമെന്നത് തീർത്തും തെറ്റിദ്ധാരണയാണ്. പതിറ്റാണ്ടുകളോളം പഴക്കമുള്ള മെഡിക്കൽ കോളേജുകളാണ് ഇന്ത്യയിലുള്ളത്. നെക്സ്റ്റ് വിലയിരുത്തി ഇന്ത്യൻ വിദ്യാർത്ഥികളെ വിദേശത്ത് മെഡിക്കൽ ബിരുദ പ്രവേശനത്തിന് പ്രോത്സാഹിപ്പിക്കുന്ന നടപടികളും വർദ്ധിച്ചുവരുന്നുണ്ട്. ഇതും ഗുണനിലവാരം കുറയ്ക്കാനേ ഉപകരിക്കൂ.

പ്രതിസന്ധിയുടെ ആഴം

മെഡിക്കൽ ബിരുദകോഴ്‌സുകൾ പൂർത്തിയാക്കിയശേഷം 75 ശതമാനത്തോളം പേർക്കും താത്പര്യമുള്ള പി.ജി പ്രോഗ്രാമുകൾക്ക് അഡ്മിഷൻ ലഭിക്കുന്നത് 1-2 വർഷത്തെ ചിട്ടയായ തയ്യാറെടുപ്പുകൾക്കു ശേഷമാണ്. എന്നാൽ നെക്സ്റ്റ്-1 റാങ്ക് അനുസരിച്ചുള്ള റാങ്കിംഗ് രീതി നിലവിൽ വരുമ്പോൾ വിദ്യാർത്ഥികൾക്ക് മികച്ച റാങ്ക് ലഭിക്കണമെന്നില്ല. ഇതു താത്പര്യമുള്ള മെഡിക്കൽ പി.ജിക്ക് പ്രവേശനം ലഭിക്കാൻ തടസം സൃഷ്ടിക്കും. 6 മാസത്തിലൊരിക്കൽ നെക്സ്റ്റ് പരീക്ഷ നടത്തുമെങ്കിലും,നെക്സ്റ്റ്-1ന്റെ റാങ്ക് കാലയളവ് മൂന്ന് വർഷത്തോളം നീണ്ടു നിൽക്കും.

നെക്സ്റ്റ്-1 വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ ഇന്റേൺഷിപ് നീളും. എയിംസ് ഇപ്പോൾ നടത്തുന്ന മെഡിക്കൽ പി.ജി പ്രവേശന പരീക്ഷയുടെ ഡിഫിക്കൽറ്റി ഇൻഡക്സ്,നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന നീറ്റ് പി.ജി പരീക്ഷയെക്കാൾ കൂടുതലാണ്. അതിനാൽ ശരാശരി വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം നെക്സ്റ്റ് പരീക്ഷയിൽ യോഗ്യത നേടാൻ മികച്ച തയ്യാറെടുപ്പുകൾ വേണ്ടിവരും. പഠന കാലയളവിൽ ഇതിനു സമയം കണ്ടെത്താൻ ഏറെ പ്രയത്‌നിക്കേണ്ടിവരും. ഇപ്പോഴുള്ള കോളേജുതലത്തിലെ എക്‌സിറ്റ് പരീക്ഷ രീതി നിലനിറുത്തിക്കൊണ്ട് മെഡിക്കൽ നീറ്റ് പി.ജി പരീക്ഷ തുടരുന്നതാണ് അഭികാമ്യം.