
കൊച്ചി: സൂപ്പർ ലീഗ് കേരള ഫുട്ബാളിന്റെ ആദ്യ സീസൺ ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 99 മുതൽ 1,499 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. പേ.ടി.എം ഇൻസൈഡർ വഴി ടിക്കറ്റുകൾ ലഭിക്കും. വി.ഐ.പി ടിക്കറ്റുകൾക്ക് 1,499 രൂപയാണ് നിരക്ക്. ഫാമിലി ടിക്കറ്റിന് 349 രൂപയാണ് നിരക്ക്. ബ്രിംഗ് എ ബഡി ഓഫറിൽ 59 രൂപയ്ക്ക് ഒരു സുഹൃത്തിനെയും ഒപ്പം കൂട്ടാം. സൂപ്പർ ലീഗ് കേരള മത്സരങ്ങൾ തത്സമയം സ്റ്റാർ സ്‌പോർട്‌സ് ഫസ്റ്റിലൂടെയും ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും സംപ്രേഷണം ചെയ്യും. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ മനോരമ മാക്‌സ് സംപ്രേക്ഷണം ചെയ്യും. സൂപ്പർ ലീഗ് കേരള എല്ലാവരിലേക്കും എത്തിക്കുകയാണ് ലക്ഷ്യമെന്ന് സി.ഇ.ഒ മാത്യു ജോസഫ് പറഞ്ഞു. അതിനായുള്ള ആദ്യ ചുവടുവയ്പ്പാണ് പേ.ടി.എം ഇൻസൈഡർ പങ്കാളിത്തമെന്ന് അദ്ദേഹം പറഞ്ഞു.