y
പെരുമ്പളം പാലത്തിൻ്റെ സ്ലാബിൻ്റെ വാർക്കൽ പൂർത്തിയായപ്പോൾ

പെരുമ്പളം: കേരള ഭൂപടത്തിൽ പെരുമ്പളത്തിന് ദ്വീപ് പഞ്ചായത്ത് എന്ന ഖ്യാതി നഷ്ടപ്പെടുകയാണ്. സംസ്ഥാനത്ത് കായലിൽ നിർമ്മിച്ചതിൽ ഏറ്റവും നീളമേറിയതെന്ന ബഹുമതിയോടെ പെരുമ്പളം - വടുതല പാലത്തിന്റെ നിർമ്മാണം ഇരുകരകളും തൊട്ടതോടെ 'ദ്വീപ്' എന്ന വിശേഷണം ഓർമ്മയി​ലേക്ക്. നൂറുകോടിരൂപ ചെലവിൽ നിർമ്മിച്ച പാലം അടുത്തവർഷമാദ്യം ഗതാഗതത്തിന് തുറന്നുകൊടുക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

പാലം തുറക്കുന്നതോടെ പെരുമ്പളം നിവാസികളുടെ യാത്രാക്ലേശത്തിന് പരിഹാരമാകും. നിലവിൽ ബോട്ടുകളും ജങ്കാറുമാണ് ആശ്രയം. എറണാകുളം, ചേർത്തല എന്നിവിടങ്ങളിൽനിന്ന് ബസുകൾ പെരുമ്പളത്തേക്ക് സർവീസ് ദീർഘിപ്പിച്ചാൽ മാത്രമേ സാധാരണക്കാർക്ക് പാലത്തിന്റെ യഥാർത്ഥ ഗുണം ലഭ്യമാകൂ. അല്ലെങ്കിൽ സ്വന്തമായി വാഹനം ഉള്ളവർക്കും ഓട്ടോ, ടാക്സികളിൽ കൂടുതൽ പണംനൽകി യാത്രചെയ്യുന്നവർക്കും മാത്രമായി പാലത്തിന്റെ സേവനം ചുരുങ്ങിപ്പോകും.

* പേരിന് മാത്രമായ റോഡുകൾ

നിലവിൽ പെരുമ്പളത്തെ റോഡുകളുടെ അവസ്ഥ പരിതാപകരമാണ്. പി.എച്ച് സെന്റർ - മാർക്കറ്റ് റോഡ്, ആദ്യത്തെ ടാർറോഡായ മാർക്കറ്റ് - വാത്തിക്കാട് ജെട്ടി റോഡ് എന്നിവ പുനർനിർമ്മിക്കണം. വടയാഴത്തുനിന്ന് കുറുങ്ങൻചിറവഴി പനമ്പുകാട്- ന്യൂസൗത്ത് ജെട്ടി റോഡുമായി നിലവിലെ റോഡിന് വീതികൂട്ടി റോഡ് പുനർനിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എം.എസ്. ദേവരാജ് നവകേരള സദസിൽ നിവേദനം നൽകിയെങ്കിലും മറുപടി ലഭിച്ചിട്ടില്ല. എന്നാൽ മുഖ്യമന്ത്രിയുടെ പരാതിപരിഹാരസെല്ലിൽ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ വടയാഴം-ന്യൂസൗത്ത് റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് പെരുമ്പളം പഞ്ചായത്ത് കമ്മറ്റി നിവേദനം നൽകിയിട്ടുണ്ട്.

കായലിന് കുറുകെ ഏറ്റവും നീളമേറിയ പാലം

1 1157 മീറ്റർ നീളത്തിലാണ് പാലം നിർമ്മിച്ചത്. ഇരുവശത്തും ഒന്നരമീറ്റർ നടപ്പാതയുടെപ്പെടെ 11 മീറ്റർ വീതി ഉണ്ടാകും

2 ദേശീയ ജലപാത കടന്നുപോകുന്ന ദിശയായതിനാൽ ബാർജ്, വലിയ യാനങ്ങൾ എന്നിവ തടസമില്ലാതെ കടന്നുപോകുന്നതിനായി 3 ആർച്ച് ബീം ഉണ്ട്

3 ഇരു കരകളിലും അനുബന്ധ റോഡുകളാണ് ഇനി ബാക്കിയുള്ളത്. ഇതിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ട്

4 കൈവരികളുടെയും നടപ്പാതകളുടെയും നിർമാണം, തെരുവുവിളക്ക; സ്ഥാപിക്കൽ, പെയിന്റിംഗ് എന്നി​വ പൂർത്തിയാക്കണം