
കൊച്ചി: കോടതി ഉത്തരവുമായി പാലക്കാട് ആലത്തൂർ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് മോശമായി പെരുമാറിയ എസ്.ഐ വി.ആർ.റെനീഷിന് രണ്ടുമാസത്തെ തടവുശിക്ഷ വിധിച്ച് ഹൈക്കോടതി. എസ്.ഐ സമാനമായ നിയമലംഘനങ്ങളിൽ ഏർപ്പെടരുതെന്നു നിർദ്ദേശിച്ച കോടതി തുടർന്ന് ശിക്ഷ ഒരു വർഷത്തേക്ക് മരവിപ്പിച്ചു. അതിനാൽ എസ്.ഐ തത്കാലം ജയിലിൽ പോകേണ്ടി വരില്ല.
അഡ്വ. അക്വിബ് സുഹൈൽ നൽകിയ കോടതിയലക്ഷ്യ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ അപൂർവ നടപടി. സംഭവദിവസം അവധിയിലായിരുന്ന എസ്.എച്ച്.ഒ ടി.എൻ. ഉണ്ണികൃഷ്ണനെതിരായ കോടതിയലക്ഷ്യ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചു.
റെനീഷ് കുറ്റം സമ്മതിക്കുകയും കോടതിയിൽ ഹാജരായി മാപ്പപേക്ഷിക്കുകയും ചെയ്തിരുന്നു. റെനീഷ് വിചാരണ നേരിടേണ്ടതാണെന്ന് കോടതി പരാമർശിച്ചെങ്കിലും ഒഴിവാക്കണമെന് അഭിഭാഷകൻ അപേക്ഷിച്ചു. പൊലീസിന്റെ മോശം പെരുമാറ്റം സംബന്ധിച്ച മറ്റ് രണ്ടു ഹർജികളിൽ തുടർനടപടി കോടതി അവസാനിപ്പിച്ചു. പ്രകോപനങ്ങൾക്ക് പൊലീസ് വശംവദരാകരുതെന്ന മുന്നറിയിപ്പും നൽകി.
അപകടത്തിൽപ്പെട്ട വാഹനം വിട്ടുകിട്ടാനുള്ള കോടതിയുത്തരവുമായി സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് റെനീഷ് തട്ടിക്കയറുന്ന ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് വിഷയം ഹൈക്കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. പൊലീസ് മേധാവിയെ രണ്ടുവട്ടം ഓൺലൈനായി വിളിച്ചുവരുത്തി. പൊലീസ് പ്രൊഫഷണലായി പെരുമാറണമെന്നും 'എടാ, പോടാ' വിളികൾ വേണ്ടെന്നും നിർദ്ദേശിച്ചു. കോടതി നിർദ്ദേശപ്രകാരം മാർഗനിർദ്ദേശങ്ങളുമായി ഡി.ജി.പി പുതിയ സർക്കുലർ ഇറക്കിയിരുന്നു. സംഭവത്തെ തുടർന്ന് റെനീഷിനെ സ്ഥലംമാറ്റിയെങ്കിലും വകുപ്പുതല അച്ചടക്കനടപടി അപര്യാപ്തമാണെന്നാണ് ഹർജിക്കാരൻ വാദിച്ചത്.