kaumudi

ആലുവ: ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം നിർമ്മിക്കാനുള്ള സമഗ്ര പദ്ധതി പൂർത്തീകരണം ഇനിയുകലെ. 2023 സെപ്തംബർ 30ന് എടുത്ത അതേ തീരുമാനം ഇന്നലെ വീണ്ടും ഉദ്യോഗസ്ഥ - ജനപ്രതിനിധി യോഗത്തിൽ ആവർത്തിച്ചു.

കഴിഞ്ഞ വർഷം ആലുവ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ ഡിവിഷണൽ മാനേജർ സച്ചിൻഡർ മോഹൻ ശർമ്മയുടെ സാന്നിദ്ധ്യത്തിൽ നടന്ന യോഗത്തിലെ തീരുമാനങ്ങൾ തന്നെയാണ് വീണ്ടും ആവർത്തിച്ചത്. റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾക്കായി സമഗ്ര പദ്ധതി തയ്യാറാക്കാൻ റെയിൽവേ ഉദ്യോഗസ്ഥരെ അന്ന് ചുമതലപ്പെടുത്തിയിരുന്നു.

ഇന്നലെ അഡീഷണൽ ഡിവിഷണൽ റെയിൽവേ മനേജർ എം.ആർ. വിജി പങ്കെടുത്ത യോഗത്തിലും സമാനമായ തീരുമാനങ്ങളാണുണ്ടായത്. ഡി.ആർ.എമ്മിന്റെ സാന്നിദ്ധ്യത്തിൽ എടുത്ത തീരുമാനം ഒരു വർഷമായിട്ടും നടപ്പാക്കാത്തതിനാൽ എ.ഡി.എമ്മിന്റെ സാന്നിദ്ധ്യത്തിലുള്ള തീരുമാനം നടപ്പാക്കുമോയെന്നാണ് ജനങ്ങളുടെ ആശങ്ക.

ആലുവ റെയിൽവേ സ്റ്റേഷനിൽ പടിഞ്ഞാറൻ കവാടം നവീകരണത്തിന് ആദ്യഘട്ടത്തിൽ നാല് കോടി രൂപയുടെ പദ്ധതിയാണ് അമൃത് ഭാരതിൽ ഉൾപ്പെടുത്തി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ റെയിൽവേ പ്ലാറ്റ്‌ഫോമിലെ റൂഫിംഗ് എക്സ്റ്റൻഷൻ, സ്ത്രീകൾക്കും പുരുഷൻമാർക്കും ശീതീകരിച്ച വിശ്രമ മുറികൾ, പുതിയ റിട്ടയറിംഗ് മുറികൾ, പുതിയ കവാടം നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്.

യോഗത്തിൽ ബെന്നി ബഹനാൻ എം.പി അദ്ധ്യക്ഷനായി. അൻവർ സാദത്ത് എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ എം.ഒ. ജോൺ, അഡീഷണൽ ഡിവിഷനൽ റെയിൽവേ മനേജർ എം.ആർ. വിജി, ഡിവിഷനൽ കെമേഴ്‌സ്യൽ മനേജർ സുനിൽ കുമാർ, എറണാകുളം ഏരിയാ മനേജർ പ്രമോദ് ഷേണായി എന്നിവർ പങ്കെടുത്തു. ചൂർണിക്കര മാന്ത്രക്കൽ തുരങ്കപ്പാതയിലെ വെള്ളക്കെട്ട് പ്രദേശം ഉദ്യോഗ സംഘം സന്ദർശിച്ചു. പഞ്ചായത്തിന്റെ സഹകരണത്തോടെ അടിയന്തരമായി പരിഹരിക്കും.

 ഇന്നലത്തെ യോഗ തീരുമാനങ്ങൾ:

 ആലുവ റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറൻ കവാടം അമൃത് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തി നിർമ്മിക്കാൻ ഡി.പി.ആർ അടിയന്തരമായി തയ്യാറാക്കും. ഡി.പി.ആർ ലഭിക്കുന്ന മുറക്ക് തുടർ നടപടികളെടുക്കും.

 ആലുവ സ്റ്റേഷനിലെ തെക്കുഭാഗത്ത് ലിഫ്റ്റും എസ്‌കലേറ്ററും സ്ഥാപിക്കും. നിലവിലുട്ടുള്ള ലിഫ്ടും എസ്‌കലേറ്ററും 24 മണിക്കൂറും പ്രവർത്തിപ്പിക്കും.

 പ്രധാന കവാടത്തിനോട് ചേർന്ന് മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും.

 ആലുവ, അങ്കമാലി, ചാലക്കുടി റെയിൽവേ സ്റ്റേഷനുകളിൽ നിലവിൽ സ്റ്റോപ്പില്ലാത്ത ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ അനുവദിക്കുന്നതിനുള്ള സാദ്ധ്യത പരിശോധിക്കും.