1

പള്ളുരുത്തി: കൊച്ചി നഗരസഭയുടെ അഭിമാന പദ്ധതി സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണം ഇടക്കൊച്ചിയിൽ പുരോഗമിക്കുന്നു. അമൃത് പദ്ധതി വഴി 18 കോടി മുതൽമുടക്കിലാണ് നിർമാണം പുരോഗമിക്കുന്നത്. കൊച്ചി നഗരത്തിൽ ഇപ്പോൾ പ്രവർത്തിക്കുന്ന സ്വീവേജ് പ്ലാന്റ് സ്ഥാപിച്ചത് 48 വർഷം മുൻപാണ്. പലയിടത്തും പ്ലാന്റ് സ്ഥാപിക്കാൻ നഗരസഭ ശ്രമം നടത്തിയങ്കിലും പ്രദേശവാസികളുടെ എതിർപ്പിനാൽ നടപ്പായിരുന്നില്ല. ഇടക്കൊച്ചിയിൽ കോർപ്പറേഷന് സ്വന്തമായുള്ള മൂന്നേക്കറോളം വരുന്ന ഭൂമിയിൽനിന്ന് 50 സെന്റ് സ്ഥലമാണ് പ്ലാന്റിന് വിട്ടുകൊടുത്തത്. ഡിവിഷനിൽ ഭാവിയിൽ വരുവാനുള്ള വീടുകളുടെ എണ്ണവും കൂടി കണക്കിലെടുത്താണ് പ്ലാന്റ് നിർമിക്കുന്നത്. ബാക്കിയുള്ള സ്ഥലം കളിസ്ഥലമായി ഒരുക്കുമെന്ന് മേയർ പ്രഖ്യാപിച്ചു. അഞ്ച് വർഷത്തേക്ക് പ്ലാന്റ് പ്രവർത്തിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ചുമതല ഗ്രീൻവേ സൊല്യൂഷൻസിനാണ്.

കൊച്ചി നഗരസഭയുടെ അഭിമാന പദ്ധതി

ആദ്യഘട്ടത്തിൽ ഇടക്കൊച്ചി 16-ാം വാർഡിലെ 2000 വീടുകളിലേക്കാണ് സ്വീവേജ് കണക്ഷൻ നൽകുന്നത്. വീടുകളിലേക്ക് പൈപ്പ് ഇടുന്ന ജോലികൾ പുരോഗമിക്കുകയാണ്. വീടുകളിലെ അടുക്കളയിൽനിന്നുള്ള അഴുക്കുവെള്ളം ഗ്രേ വാട്ടർ എന്നും ശൗചാലയത്തിൽ നിന്നുള്ള മാലിന്യത്തെ ബ്ലാക്ക് വാട്ടർ എന്നും രണ്ടായി തിരിച്ചാണ് എടുക്കുന്നത്. ഈ അഴുക്കു വെള്ളം വീട്ടിൽത്തന്നെ സജ്ജീകരിക്കുന്ന ചെറിയ ചേംബറിലേക്ക് നീക്കും. അഴുക്കുവെള്ളത്തിലെ മറ്റു വസ്തുക്കൾ അരിച്ചു മാറ്റാനുള്ള സംവിധാനം ചേംബറിൽ ഉണ്ടാകും. ആ ചേംബറിൽ നിന്നാണ് സ്വീവേജ് പ്ലാന്റിലേക്കുള്ള പൈപ്പ് കണക്ഷൻ നൽകുന്നത്. ഗ്രാവിറ്റി സംവിധാനം ഉപകരണങ്ങളുടെ സഹായമില്ലാതെ, അഴുക്കുവെള്ളം പൈപ്പ് വഴി പ്ലാന്റ് വരെ ഒഴുകിയെത്തുന്ന രീതിയാണ് ഇടക്കൊച്ചിയിൽ ഉപയോഗിക്കുന്നത്. നാലിഞ്ച് മുതൽ ഒരടി വരെയുള്ള പൈപ്പുകളാണ് പലയിടത്തായി ഉപയോഗിക്കുന്നത്. ഇടവഴികളിലുള്ള വീടുകളിലേക്കും കണക്ഷൻ നൽകും. സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലവും പൈപ്പ് വഴി പോകും. സെപ്റ്റിക് ടാങ്ക് ഇല്ലാത്തവർക്ക് അത് കെട്ടിക്കൊടുക്കാനും പദ്ധതിയുണ്ട്.

ഇടക്കൊച്ചിയിലെ 16-ാം വാർഡ് കേന്ദ്രീകരിച്ച് നടപ്ലാക്കുന്ന ഈ പദ്ധതി ഒരു പൈലറ്റ് പദ്ധതിയാണ്. അധികം വൈകാതെ എല്ലാ വാർഡുകളിലും സ്വീവേജ് സംവിധാനം കൊണ്ടുവരാനുള്ള ബൃഹത്തായ പരിപാടിയുടെ തുടക്കമാണിത്.

മേയർ എം. അനിൽകുമാർ

സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമാണജോലികൾ നന്നായി പുരോഗമിക്കുകയാണ്

അഭിലാഷ് തോപ്പിൽ

വാർഡ് കൗൺസിലർ

എല്ലായിടത്തും ഇത്തരം പദ്ധതികൾ വേണമെന്ന നിലപാടാണ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക്. പ്ലാന്റിനോട് ചേർന്ന് വലിയൊരു പൂന്തോട്ടവും നിർമിക്കും

ലെനിൻ

മാനേജിംഗ് പാർട്‌ണർ

ഗ്രീൻവേ സൊല്യൂഷൻസ്

കരാർ കമ്പനി