
പറവൂർ: കോട്ടുവള്ളിയിലേക്ക് പോകണമെങ്കിൽ ചെളിക്കുഴി താണ്ടേണ്ട അവസ്ഥയാണിപ്പോൾ. പുതിയ ദേശീയപാത നിർമ്മാണത്തിന്റെ ഭാഗമായി ചെറിയപ്പിള്ളി - കോട്ടുവള്ളി റോഡിൽ എസ്.എൻ.ഡി.പി കവലയാണ് ചെളിക്കുഴിയായത്. നാലുവഴിയായി തിരിയുന്ന ഇവിടെ മേൽപാലത്തിനായി റോഡ് പൊളിച്ച് നിർമ്മാണം നടത്തി. പാലം പണിതീരുന്നതുവരെ താത്കാലിക റോഡുണ്ടാക്കി ഗതാഗതം തിരിച്ചുവിട്ടു. പാലത്തിന്റെ നിർമ്മാണം കഴിഞ്ഞതോടെ നിലവിലുള്ള റോഡ് തകർന്നു. ഇതിലൂടെ ഗതാഗതം പുന:സ്ഥാപിച്ചപ്പോഴാണ് ഈ കവല ചെളിക്കുഴിയായി മാറിയത്. നാട്ടുകാർ പലതവണ പരാതിപ്പെട്ടെങ്കിലും ശാശ്വത പരിഹാരമുണ്ടായിട്ടില്ല. പരാതി ഉയരുമ്പോൾ കുഴിയിൽ മണ്ണ് നിറയ്ക്കും. പിന്നീട് മഴപെയ്യുന്നതോടെ വീണ്ടും ചെളിക്കുഴിയാകും. കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനങ്ങൾക്കുമാണ് കൂടുതൽ ദുരിതം. ചെളിയിൽ വാഹനങ്ങൾ തെന്നിമാറി അപകടങ്ങൾ നിരവധിയുണ്ടാകുന്നുണ്ട്. ആറാട്ടുകടവ് പാലം വഴി പോകുന്ന വാഹനങ്ങളും കൈതാരം വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിലെക്കുള്ള വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഏകയാത്രമാർഗമാണിത്. പുതിയ ദേശീയപാതയുടെ നിർമ്മാണം പൂർത്തിയാകാൻ വർഷങ്ങളെടുക്കും. ഇതിന് മുമ്പ് എസ്.എൻ.ഡി.പി കവലയിലെ റോഡിന്റെ ശോചനീയവാസ്ഥയ്ക്ക് ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.