news

പെരുമ്പാവൂർ: ഓൾഡ് മൂവാറ്റുപുഴ റോഡിൽ പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് മുൻവശം തകർന്ന് കിടന്ന പി.ഡബ്ല്യു.ഡി. റോഡ് അവസാനം പെരുമ്പാവൂർ നഗരസഭ നന്നാക്കി. ഫണ്ടില്ല എന്നതാണ് റോഡ് നന്നാക്കാത്തതിന് പി.ഡബ്ല്യു.ഡി. അധികൃതർ പറഞ്ഞ ന്യായം. പലതവണ നഗരസഭ കത്തുകൾ അയച്ചിട്ടും ഉദ്യോഗസ്ഥർ അനങ്ങാത്തതിനെ തുടർന്ന് ക ഴിഞ്ഞ 23ന് ആരടക്കും പെരുമ്പാവൂർ നഗരത്തിലെ പാതാളക്കുഴികൾ എന്ന തലക്കെട്ടിൽ കേരളകൗമുദിയിൽ വാർത്ത വന്നതിനു പിന്നാലെ നഗരസഭ തന്നെ കുഴിയടച്ച് റോഡ് കോൺക്രീറ്റ് ചെയ്ത് നന്നാക്കുകയായിരുന്നു. ഓൾഡ് മൂവാറ്റുപുഴ റോഡിൽ നിന്ന് എം.സി. റോഡിലേക്ക് തിരിയുന്ന ഭാഗത്തെ കാന ഇടിഞ്ഞു താണതാണ് റോഡ് തകരാൻ കാരണം. എ.എം. റോഡിൽ ലക്ഷ്മി ഹോസ്പിറ്റലിന് എതിർവശവും കുഴിപ്പിള്ളിക്കാവ് തുടങ്ങിയ സ്ഥലത്തും പി.ഡബ്ല്യു.ഡി. കാന ഇടിഞ്ഞതുമൂലം റോഡുകൾ തകർന്ന് കിടക്കുകയാണ്. യുദ്ധകാല അടിസ്ഥാനത്തിൽ താത്കാലികമായി കെ.എസ്.ആർ.ടി.സിക്ക് മുന്നിലെ റോഡ് നന്നാക്കിയെങ്കിലും പി.ഡബ്ല്യു.ഡി. കാന പുനർനിർമ്മിക്കാതെ ശാശ്വത പരിഹാരം ഉണ്ടാകില്ലെന്ന് നാട്ടുകാർ പറയുന്നു.