
മൂവാറ്റുപുഴ: അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ച പി. എച്ച്. ഹുസൈനും മകൾ പി. എച്ച്. ഫൗസിയയ്ക്കൊപ്പം പഠനത്തിന്റെ തിരക്കിലാണ്. ഒരേ കോളേജിൽ ഒരേ ക്ലാസിലെ വിദ്യാർത്ഥികളാണ് ഇരുവരും. ചെറുവട്ടൂർ ഗവ.ടി.ടി.ഐയിൽ നിന്ന് വിരമിച്ച പേഴക്കാപ്പിള്ളി പള്ളിച്ചിറങ്ങര പെരുമ്പാട്ട് പി. എച്ച്. ഹുസൈനാണ് മകൾ പി .എച്ച് . ഫൗസിയക്കൊപ്പം മൂവാറ്റുപുഴ ശ്രീനാരായണ കോളേജ് ഒഫ് എഡ്യൂക്കേഷനിൽ എം .എഡിന് പഠിതാക്കളായി ചേർന്നിരിക്കുന്നത്.
1991-ൽ വളാഞ്ചേരി മർകസ് ഹൈസ്കൂളിൽ അദ്ധ്യപകനായി പ്രവേശനം. പിന്നീട് 1995 ൽ സർക്കാർ സർവീസിൽ അദ്ധ്യാപകനായി. തുടർന്ന് 2004 വരെ മലപ്പുറം ജില്ലയിലും 2004- മുതൽ 2024 വരെ എറണാകുളം ജില്ലയിലെ വിവിധ സർക്കാർ സ്കൂളുകളിലും സേവനം അനുഷ്ഠിച്ചു. 2024 മെയ് 31 ന് ചെറുവട്ടൂർ ഗവ.ടി.ടി. യിൽ നിന്നും വിരമിച്ച് വിശ്രമ ജീവിതത്തിലേക്ക് മടങ്ങുമ്പോഴാണ് മകൾ ഫൗസിയയ്ക്കൊപ്പം പഠിക്കാൻ ചേർന്നത്. എം .എ .ഇംഗ്ലീഷ്, എം .എ .സോഷ്യലോളജി, ബി എഡ്, സെറ്റ് എന്നീ ബിരുദങ്ങളുള്ള ഹുസൈന് എം.എഡ് പഠിക്കണമെന്ന മോഹം ഉദിച്ചത്. മകൾ ഫൗസിയ എം .എസ്. സി ബിഎഡ് ബിരുദങ്ങൾക്ക് ശേഷമാണ് എം. എഡിന് ചേർന്നത്. ഭാര്യ റഹിമ ബീവി പായിപ്ര ഗവ.യു പി സ്കൂൾ ഹെഡ്മിസ്ട്രസാണ്. ഫൗസിയയുടെ ഭർത്താവ് ചേലക്കുളം വെള്ളേക്കാട്ട് ജാസിർ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ ക്ലർക്കാണ്. മൂത്ത മകൾ പി .എച്ച് ഫാരിസ ബി .എസ് .സി ബി.എഡ് കഴിഞ്ഞ് പി .എസ് .സി കോച്ചിംഗ് നടത്തി വരുന്നു. മകൻ അദ്നാൻ ഹുസൈൻ കോതമംഗലം എം.എ എൻജിനിയറിംഗ് കോളേജ് ബിടെക് വിദ്യാർത്ഥിയാണ്.