
കൊച്ചി: വിദ്യാർത്ഥികളുടെ പഠന ഗവേഷണത്തിന്റെ ഭാഗമായി പള്ളിക്കരയിലെ കൊച്ചിൻ ആർട്സ് ആൻഡ് സയൻസ് കോളേജ് ഇന്നവേഷൻ സെല്ലിന്റെ നേതൃത്വത്തിൽ ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ചു.
വായു മലിനീകരണ നിയന്ത്രണത്തിനായി നഗരങ്ങളിൽ മരം നടുന്നതിന് പകരമായി സ്ഥാപിക്കാവുന്ന മാതൃകയായാണ് 'ലിക്വിഡ് ട്രീ' അവതരിപ്പിക്കുന്നത്. വിദ്യാർത്ഥികളായ വിഷ്ണു ശിവപ്രകാശ്, ഗോകുൽ സജു, തനിഷ് ടി. ടെൻസൺ, കെ.ആർ. അഭിജിത് കൃഷ്ണ, വി.ആർ. ഐശ്വര്യ, അഭിജിത് ജിജി, എം.എസ്. ശിൽപ്പ, കെ.ജെ. ജിസ്ന എന്നിവരുടെ നേതൃത്വത്തിൽ ആൽഗജൻ ബയോ സൊല്യൂഷൻസിന്റെ പിന്തുണയോടെ ലിക്വിഡ് ട്രീ മാതൃക വികസിപ്പിച്ചത്. കുന്നത്തുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. നിതാമോൾ ഉദ്ഘാടനം നിർവഹിച്ചു. കോളേജ് മാനേജ്മെന്റ് ട്രസ്റ്റി ഡോ. അൻവർ ഹുസൈൻ അദ്ധ്യക്ഷനായി. ആൽഗജൻ ബയോ സൊല്യൂഷൻസ് എം.ഡി ഡോ. പ്രീത ഷേണായി, കോളേജ് ഐ.ക്യു.എ.സി കോ ഓർഡിനേറ്റർ ലക്ഷ്മി ശീതൾ, സെക്രട്ടറി സ്നേഹ രാജീവ് തുടങ്ങിയവർ സംസാരിച്ചു.