
മട്ടാഞ്ചേരി: വിദേശജോലി വാഗ്ദാനംചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ പള്ളുരുത്തി കടേഭാഗത്ത് താമസിക്കുന്ന ജിബിൻ ജോർജിന്റെ ഭാര്യ അനുവിനെ (34) പൊലീസ് അറസ്റ്റുചെയ്തു. ജിബിൻ ജോർജ് ഒളിവിലാണ്. ഇസ്രയേലിൽ ആരോഗ്യമേഖലയിൽ ജോലിചെയ്യുന്നവരെ അയർലൻഡിൽ നഴ്‌സിംഗ് ജോലി വാഗ്ദാനംചെയ്തായിരുന്നു തട്ടിപ്പ്. അമ്പതിലേറെപ്പേരിൽ നിന്നായി മൂന്നുകോടിയോളം രൂപ തട്ടിയെടുത്തതാണ് കേസ്.
എറണാകുളം സ്വദേശികളായ രണ്ടുപേർ പരാതി നൽകിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അനുവിനെതിരെ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിലായി ഒമ്പത് തട്ടിപ്പ് കേസുകൾ നിലവിലുണ്ട്. മംഗലാപുരം നെല്ലിയാടിയിൽ നിന്നാണ് അനുവിനെ പിടികൂടിയത്. ഇസ്രയേലിൽ ഹെൽത്ത് കേയർടേക്കറായിരുന്ന അനു ജോലിയുമായി ബന്ധപ്പെട്ട പരിചയത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്.