കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ എസ്.എഫ്.ഐ -കെ.എസ്.യു സംഘർഷം. രണ്ട് എസ്.എഫ്.ഐ പ്രവർത്തകർക്കും രണ്ട് കെ.എസ്.യു പ്രവർത്തകർക്കും പരിക്കേറ്റതായി പൊലീസ് പറഞ്ഞു. എസ്.എഫ്.ഐ പ്രവർത്തകരായ മുഹമ്മദ് ബാസിത്, ഐശ്വര എന്നിവർ എറണാകുളം ജനറൽ ആശുപത്രിയിലും കെ.എസ്.യു പ്രവർത്തകരായ ഹുസൈൻ ജുനൈദ്, രസിക എന്നിവർ കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. ഹുസൈൻ ജുനൈദിന്റെ നട്ടെല്ലിന് പരിക്കുണ്ടെന്നാണ് സൂചന. ഇന്നലെ വൈകിട്ട് അഞ്ചിന് ശേഷമായിരുന്നു സംഘർഷം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിദ്യാർത്ഥി സംഘടനകൾ കോളേജിൽ സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചുവരികയാണ്. ഇന്നലെ കെ.എസ്.യുവിന്റെ നേതൃത്വത്തിൽ സർഗ എന്ന പേരിലുള്ള പരിപാടിയാണ് നടന്നത്. കോളേജിലെ മുൻ കെ.എസ്.യു പ്രവർത്തകനും എസ്.എഫ്.ഐ പ്രവർത്തകനെ കുത്തിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതിയുമായ വിദ്യാർത്ഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് സംഘർഷത്തിന് കാരണം. വാക്കുതർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പൂർവവിദ്യാർത്ഥി പരിപാടിയിൽ പങ്കെടുത്താൽ തടയുമെന്ന് എസ്.എഫ്.ഐ കെ.എസ്.യു പ്രവർത്തകരെ അറിയിച്ചിരുന്നതായും ഇയാൾ പരിപാടിയുടെ ഭാഗമാകില്ലെന്ന് കെ.എസ്.യു പ്രവർത്തകർ ഉറപ്പ് നൽകിയിരുന്നതായുമാണ് എസ്.എഫ്.ഐ പ്രവർത്തകർ പൊലീസിന് നൽകിയ മൊഴി. ധാരണതെറ്റിച്ച് പൂർവവിദ്യാർത്ഥി ക്യാമ്പസിൽ എത്തിയത് എസ്.എഫ്.ഐയെ ചൊടിപ്പിച്ചു. സംഘർഷസാദ്ധ്യത കണക്കിലെടുത്ത് പൊലീസ് കോളേജിന് പുറത്ത് നിലയുറപ്പിച്ചിരുന്നു. പൊലീസ് നോക്കി നിൽക്കെയായിരുന്നു സംഘർഷം. പൂർവവിദ്യാർത്ഥി ഓടിരക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ രാത്രിവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.