കൊച്ചി: ടാറ്റ എ.ഐ.എ പ്രവാസികൾക്കായി അമേരിക്കൻ ഡോളറിലുള്ള ലൈഫ് ഇൻഷ്വറൻസ് പദ്ധതികൾ അവതരിപ്പിച്ചു. ഇതിനായി ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) ഓഫ്‌ഷോർ ശാഖ ആരംഭിക്കും.ഇതിലൂടെ പ്രാവസികൾക്ക് യു.എസ് ഡോളറിലുള്ള ലൈഫ് ഇൻഷ്വറൻസ് ഉത്പന്നങ്ങൾ ലഭ്യമാകും. യു.എസ് ഡോളറിൽ പോളിസി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന ലൈഫ് പ്രൊട്ടക്റ്റ് സുപ്രീം എന്ന സവിശേഷ പദ്ധതിയോടെയാണ് കമ്പനി പ്രവർത്തനം ആരംഭിക്കുക. മരണം, അപകടം, അംഗഭംഗം, മാരക രോഗങ്ങൾ തുടങ്ങിയവയ്ക്ക് നൂറ് വയസ് വരെ പരിരക്ഷ നൽകുന്നതാണ് ഈ പോളിസി. എൻ.ആർ.ഐ ഉപഭോക്താക്കൾക്ക് ജീവിത ശൈലി, മെഡിക്കൽ ഹിസ്റ്ററി, ജോലി തുടങ്ങിയവയുടെ അടിസ്ഥാനത്തിൽ കവറേജ് ക്രമീകരിക്കുന്നതിനായി അഞ്ച് പ്ലാൻ ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കാം.
ഗിഫ്റ്റ് സിറ്റി രാജ്യത്തെ സാമ്പത്തിക സേവന മേഖലയിൽ വൻ സാദ്ധ്യതകളാണ് നൽകുന്നതെന്ന് ടാറ്റ എ.ഐ.എ ചീഫ് എക്സിക്യൂട്ടിവ് ഓഫിസറും മാനേജിംഗ് ഡയറക്ടറുമായ വെങ്കി അയ്യർ പറഞ്ഞു.