d

ഹൈക്കോടതിയിലും സർക്കാർ തലത്തിലും ഉണ്ടായ നാടകീയ നീക്കങ്ങൾക്കൊടുവിൽ കഴിഞ്ഞ ആഗസ്റ്റ് 19 നാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ വെട്ടിച്ചുരുക്കിയ പതിപ്പ് പുറത്തുവിട്ടത്. മൊഴിയും പരാതിയുമില്ലാതെ കേസെടുക്കില്ലെന്ന് സർക്കാർ നിലപാടെടുത്തപ്പോൾ പരാതികൾ കൂട്ടമായെത്തി. കേസ് കൊടുക്കാൻ ഒരു റിപ്പോർട്ടിന്റെയും പിൻബലം ആവശ്യമില്ലെന്നായെങ്കിലും ഹേമ റിപ്പോർട്ടിനെ മാറ്റിവയ്ക്കാറായിട്ടില്ല. അതിൽ കുറിച്ച കാര്യങ്ങൾ ഇനിയും പ്രകമ്പനങ്ങൾ സൃഷ്ടിച്ചേക്കാനാണ് സാദ്ധ്യത. കാരണം മൊഴികളടങ്ങുന്ന റിപ്പോർട്ടിന്റെ പൂർണരൂപം അടുത്തയാഴ്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ എത്തുകയാണ്. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട ഹർജികൾ കേൾക്കുന്നതിനായി ഹൈക്കോടതി വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ചും രൂപീകരിക്കും. റിപ്പോർട്ട് പൂർണമായി സമർപ്പിക്കാൻ ദേശീയ വനിതാ കമ്മിഷൻ നിർദ്ദേശിച്ച സമയപരിധിയും പൂർത്തിയാകുന്നു.

ചലച്ചിത്രമേഖലയിൽ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച് 2019ൽ സമർപ്പിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് നാലരവർഷം പൂഴ്ത്തിവച്ച് സേഫ് സോണിൽ നിൽക്കുകയായിരുന്നു സർക്കാർ. എന്നാൽ വിവരാവകാശ കമ്മിഷൻ ഉത്തരവും ഇത് ശരിവച്ച ഹൈക്കോടതി ഉത്തരവും വന്നതോടെ റിപ്പോർട്ട് പുറത്തുവിട്ടു. എന്നിട്ടും കോടതി പോലും നിർദ്ദേശിക്കാത്ത ചില ഖണ്ഡികകൾ കൂടി വെട്ടിനിരത്തി സർക്കാർ അമിതാവേശം കാട്ടി. അങ്ങനെ സമധാനിക്കുമ്പോഴാണ് റിപ്പോർട്ടുമായി ബന്ധമുള്ളതും ഇല്ലാത്തതുമായ ഡസനോളം പരാതികൾ ഉദയം ചെയ്തത്. ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘത്തെ വച്ച് അന്വേഷിക്കാൻ സർക്കാർ നിർബന്ധിതരായി. സിനിമയിലെ പവർ ഗ്രൂപ്പുകളിൽ പലരും ഇതോടെ ജാമ്യത്തിനായി നെട്ടോട്ടത്തിലാണ്. റിപ്പോർട്ട് പുറത്തു വരുന്നതിന് ഇടങ്കോലിടാൻ നിർമ്മാതാവ് സജിമോൻ പാറയിൽ, നടി രഞ്ജിനി എന്നിവർ ഹർജികളുമായി എത്തിയെങ്കിലും ഏശിയില്ല. ഇതിനിടെയാണ് മറ്റൊരു പൊതുതാത്പര്യ ഹർജിയിൽ ഹൈക്കോടതി സമ്പൂർണ റിപ്പോർട്ട് വിളിച്ചു വരുത്താൻ നിർദ്ദേശിച്ചത്. ഇത് തിങ്കളാഴ്ചയോടെ സർക്കാർ മുദ്രവച്ച കവറിൽ ഹാജരാക്കേണ്ടതുണ്ട്. വനിതാ ജഡ്ജി ഉൾപ്പെടുന്ന പ്രത്യേക ബെഞ്ചായിരിക്കും ഇതുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം കേൾക്കുക. റിപ്പോർട്ടിന്റെ പൂർണ രൂപം സമർപ്പിക്കാൻ ദേശീയ വനിതാ കമ്മിഷൻ നിർദ്ദേശിച്ച സമയപരിധി നാളെ തീരുകയുമാണ്. ഹൈക്കോടതി എന്തു നിലപാടെടുക്കുമെന്നതാണ് ഏറെ പ്രസക്തം. പരാതിക്കാരുടെ മൊഴികളും വെളിപ്പെടുത്തലുകളും ചേർത്ത താളുകളാണിത്. അതിനാൽ സ്വകാര്യതയുടെ പ്രശ്നവും ഉദിക്കുന്നു.

ഹൈക്കോടതി ഇടപെടൽ

പായിച്ചിറ നവാസ് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹേമ കമ്മിറ്റിയുടെ സമ്പൂർണ റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഗുരുതരമായ വിഷയമാണിതെന്നാണ് കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ കോടതി പരാമർശിച്ചത്. വനിതാകമ്മിഷനെ സ്വമേധയാ കക്ഷിചേർക്കുകയും ചെയ്തു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എന്ത് നടപടി സ്വീകരിച്ചെന്നും മറ്റുമുള്ള വിശദ സത്യവാങ്മൂലം സർക്കാർ നൽകണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതാനും വ്യക്തികളെയല്ല, സമൂഹത്തെയാകെ ബാധിക്കുന്ന വിഷയമാണിത്. മൊഴി നൽകിയവർക്ക് മുന്നോട്ടുവരാൻപറ്റാത്ത സാഹചര്യത്തിൽ സർക്കാരിന്റെ ധർമ്മസങ്കടം മനസിലാകുമെങ്കിലും കുറ്റകൃത്യങ്ങൾക്കെതിരെ നടപടി വേണ്ടേയെന്ന് കോടതി ചോദിച്ചിരുന്നു. റിപ്പോർട്ടിലെ ഗുരുതരവെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിൽ കേസെടുക്കാനാവില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് പോക്‌സോ കേസാണെങ്കിൽ പറ്റുമെന്ന് സർക്കാർ മറുപടി നൽകിയത്. മൊഴി നൽകിയവരുടെ വിവരങ്ങൾ പുറത്തുവിടാതെ തുടരന്വേഷണം സാദ്ധ്യമാകുമെന്നരിക്കെ റിപ്പോർട്ട് കണ്ടിട്ട് തീരുമാനമെടുക്കുമെന്ന് കോടതി തുടർന്ന് വ്യക്തമാക്കി. അതിക്രമത്തിനിരയാകുന്നതിൽ ഏറെയും സ്ത്രീകളാണ്. അവർ അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മനസിലാക്കണമെന്നും ഓർമിപ്പിച്ചിരുന്നു. നിർമ്മാതാവ് സജിമോൻ പാറയിൽ സമർപ്പിച്ച അപ്പീൽ പരിഗണിക്കവെയാണ് പ്രത്യേക ബെഞ്ച് രൂപവത്കരിക്കുന്ന കാര്യം കോടതി വ്യക്തമാക്കിയത്.

ഹർജികൾ ഒരുകൂട്ടം

ഹേമ കമ്മിറ്റി വിഷയത്തിൽ ദേശീയ വനിത കമ്മീഷനെ സമീപിച്ചത് ബി.ജെ.പി നേതാക്കളായ പി.ആർ. ശിവശങ്കരൻ, സന്ദീപ് വാച്സ്പതി എന്നിവരാണ്. റിപ്പോർട്ടിന്റെ പൂർണരൂപം ഒരാഴ്ചയ്ക്കുള്ളിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് കമ്മിഷൻ ചീഫ് സെക്രട്ടറിക്ക് കത്തയച്ചു. അങ്ങനെ ആ രീതിയിലും അന്വേഷണങ്ങൾ വരികയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നിലനിൽക്കുന്ന പൊതുതാത്പര്യ ഹർജിയാണ് മറ്റൊന്ന്. അഭിഭാഷകരായ എ.ജന്നത്ത്, അമൃത പ്രേംജിത് എന്നിവരാണ് ഹർജി ഫയൽ ചെയ്തത്. സിനിമാ മേഖലയിലെ വനിതകൾ നൽകിയ എല്ലാ പരാതികളും സി.ബി.ഐയ്ക്ക് കൈമാറണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രത്യേക നിയമം നിർമ്മിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നതാണ് ഹർജിക്കാരുടെ മറ്റൊരാവശ്യം. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ക്രൈം എഡിറ്റർ ടി.പി. നന്ദകുമാറും ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഈ ആവശ്യം ഉന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് കോടതിയെ സമീപിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഏതായാലും ഹേമ റിപ്പോർട്ട് വിഷയം ഹൈക്കോടതി ഗൗരവമായെടുക്കുകയും റിപ്പോർട്ടിന്റെ പൂർണരൂപം ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തതോടെ ഇതുവരെ കവചമൊരുക്കിയ സർക്കാർ തലയൂരാനുള്ള ശ്രമത്തിലാണ്. ഹൈക്കോടതി തീരുമാനം എന്തു തന്നെ ആയാലും നടപ്പാക്കാനും അപ്പീൽ പോകേണ്ടതില്ലെന്നുമാണ് സർക്കാർ നിലപാടെന്നറിയുന്നു. അതു കൊണ്ട് ഇപ്പോൾ പൊതുവേ പറയുന്നതുപോലെ, 'ഉപ്പു തിന്നവർ വെള്ളം കുടിയ്ക്കുക' തന്നെ ചെയ്യും.