
മുളന്തുരുത്തി: അവഗണനയുടെയും അനാസ്ഥയുടെയും നേർസാക്ഷ്യമായി നിലകൊള്ളുകയാണ് മുളന്തുരുത്തി റെയിൽവേ സ്റ്റേഷൻ. ദുരിതങ്ങളുടെ പട്ടിക നിരത്തി യാത്രക്കാരും. പിറവം, മൂവാറ്റുപുഴ, കൂത്താട്ടുകുളം തുടങ്ങി കിഴക്കൻമേഖലയിൽ താമസിക്കുന്നവർക്കും നിരവധി കമ്പനികളിലെ തൊഴിലാളികൾക്കും ഉദ്യോഗസ്ഥർക്കും വിദ്യാർത്ഥികൾക്കും എളുപ്പത്തിൽ എത്തിച്ചേരാനും തിരിച്ചുപോകുവാനും കഴിയുന്ന സ്റ്റേഷനാണിത്.
ആഴ്ചയിൽ ഒരുദിവസംമാത്രം സർവീസുള്ള ട്രെയിനും ഒരു ഭാഗത്തേക്കു മാത്രം സ്റ്റോപ്പുള്ള 2 ട്രെയിനുകളും ഉൾപ്പെടെ ഇരുഭാഗത്തേക്കും കൂടി 16 ട്രെയിനുകൾക്കുമാത്രമാണ് ഇവിടെ സ്റ്റോപ്പുള്ളത്. മൂന്ന് എക‌്സ്‌പ്രസ് ട്രെയിനുകളും (വഞ്ചിനാട്, പാലരുവി, ഗുരുവായൂർ), 5 പാസഞ്ചർ ട്രെയിനുകളും നിറുത്തുന്ന ഈ സ്റ്റേഷനിൽ മാസം 2ലക്ഷംമുതൽ മൂന്നുലക്ഷംരൂപവരെ വരുമാനമുണ്ട്.
ആറുപതിറ്റാണ്ടിലേറെ പഴക്കം
സ്റ്റേഷന്റെ മുൻഭാഗത്ത് ഇരുവശങ്ങളിലും മാത്രമാണ് മേൽക്കൂരയുള്ള ഇരിപ്പിടമുള്ളത്. പ്ലാറ്റ്ഫോം ഉയർത്തുന്നതിന് നടപടിയൊന്നുമില്ല. പ്ലാറ്റ്ഫോമിന്റെ ഉയരക്കുറവ് പ്രായമായവരെയും വികലാംഗരേയും വലയ്ക്കുന്നു. ഇതുമൂലം അപകടങ്ങളും പതിവാണ്.
റെയിൽവേ മേൽപ്പാലം നിർമ്മാണം പൂർത്തീകരിച്ചാൽ ചോറ്റാനിക്കര ദേവീക്ഷേത്രം, ഉദയംപേരൂർ സുന്നഹദോസ് പള്ളി, മുളന്തുരുത്തി മാർത്തോമൻ പള്ളി, പിറവം രാജാക്കന്മാരുടെ പള്ളി എന്നിവിടങ്ങളിലേക്ക് ദൂരെദിക്കുകളിൽനിന്ന് വരുന്നവർക്ക് മുളന്തുരുത്തിയിൽ ഇറങ്ങി യാത്രതുടരാനാകും. തൃപ്പൂണിത്തുറ ആയുർവേദ കോളേജ്, ഡോ. പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ പോകുന്നവർക്കും പ്രയോജനകരമാണ്. റെയിൽവേ സ്റ്റേഷന്റെ വരുമാനവും ഉയർത്താനാകും.
* ഇല്ലായ്മകളുടെ പരമ്പര
പഴയകാലത്തെ സൗകര്യങ്ങളിൽ പറയത്തക്ക മാറ്റമൊന്നും സ്റ്റേഷനിലില്ല. ശൗചാലയമുണ്ടെങ്കിലും സ്റ്റേഷൻ മാസ്റ്ററുടെ കൈവശമാണ് താക്കോൽ.
മേൽക്കൂര ഇല്ലാത്തതിനാൽ മഴയും വെയിലും മഞ്ഞുമേറ്റുവേണം ട്രെയിൻ കാത്തുനിൽക്കാൻ.
റിസർവേഷൻ, പാർക്കിംഗ്, വിശ്രമമുറി എന്നിവയുടെ അഭാവവും തിരിച്ചടിയാണ്. റെയിൽവേയുടെ അധീനതയിൽ ഭൂമി ഉണ്ടെങ്കിലും വികസനമില്ല.
സ്റ്റേഷനിൽ വാഹനങ്ങൾക്ക് അമിത പാർക്കിംഗ് ഫീസ്
*യാത്രക്കാരുടെ ആവശ്യങ്ങൾ
1 കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ്.
2 ഓരോ മണിക്കൂറും ഇടവിട്ട് മെമു ട്രെയിനുകൾ
3 അടിസ്ഥാനസൗകര്യങ്ങൾ വിപുലപ്പെടുത്തണം
4 യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണം
സമാനമായ മറ്റുസ്റ്റേഷനുകളിൽ ഉള്ളതിനെക്കാൾ കൂടുതൽ വരുമാനവും യാത്രക്കാരും സ്ഥലവും ഉണ്ടായിട്ടും സ്റ്റേഷനോട് അധികാരികളുടെ അവഗണന തുടരുകയാണ്. വികസനകാര്യത്തിൽ മുളന്തുരുത്തി സ്റ്റേഷന് പ്രത്യേക പരിഗണന നൽകണം.
ജോസ് മാത്യു,
ഒ.ഇ.എൻ കമ്പനി ജീവനക്കാരൻ