
കോതമംഗലം: കീരമ്പാറയിൽ കർഷകർക്കൊപ്പം വയലിൽ നെൽവിത്ത് വിതയ്ക്കാൻ ഇനി ഡ്രോണും. മനുഷ്യപ്രയത്നമില്ലാതെ ഡ്രോൺ ഉപയോഗിച്ച് നെൽവിത്ത് വിതയ്ക്കാൻ ഉതകുന്ന കാർഷിക വിത ഉത്സവം കീരമ്പാറ ഊഞ്ഞപ്പാറ മഞ്ഞയിൽ പാടശേഖരത്തിൽ നടന്നു. എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം, കീരംപാറ ഗ്രാമ പഞ്ചായത്ത് -കൃഷി ഭവൻ, കീരമ്പാറ സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് പാടശേഖരത്തിൽ ഡ്രോൺ ഉപയോഗിച്ച് വിത്ത് വിത നടത്തിയത്. വിത്ത് വിത ഉത്സവത്തിന്റെ ഉദ്ഘാടനം ഫ്രാൻസിസ് ജോർജ് എം.പി നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ് അദ്ധ്യഷനായി. യോഗത്തിൽ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. എം. ബഷീർ, എറണാകുളം കൃഷി വിജ്ഞാന കേന്ദ്രം ഹെഡ് ആൻഡ് സയന്റിസ്റ്റ് ഡോ.ഷിനോജ് സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് അംഗവും മികച്ച കർഷകനുമായ കെ.കെ ദാനിയുടെ ഉടമസ്ഥതയിൽ ഉള്ള ഏഴ് ഏക്കർ വരുന്ന പാടശേഖരത്തിലാണ് ഡ്രോൺ വഴി വിത്ത് വിത നടത്തിയത്.