isl

കൊച്ചി: ഇന്ത്യൻ സൂപ്പർലീഗ് ഫുട്ബാൾ പുതിയ സീസണ് കൊച്ചി ഉൾപ്പെടെ നഗരങ്ങളിൽ കളിക്കളമൊരുങ്ങി. കൊൽക്കത്തയിലെ വിവേകാനന്ദ യുവഭാരതി സ്റ്റേഡിയത്തിൽ 13ന് പന്തുരുളുന്ന ഐ.എസ്.എല്ലിന്റെ കൊച്ചിയിലെ ആദ്യകളി തിരുവോണനാളിലാണ്. കലൂർ ജവഹർലാൽ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ രാത്രി 7.30ന് കേരള ബ്ളാസ്റ്റേഴ്സ് എഫ്.സിയും പഞ്ചാബ് എഫ്.സിയുമാണ് ഏറ്റുമുട്ടുക.

ഐ.എസ്.എല്ലിൽ ആദ്യമായി ഇടംപിടിച്ച മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ളബ് ഉൾപ്പെടെ 14 ടീമുകളാണ് പുതിയ സീസണിൽ കളിക്കുന്നത്. ഐ. ലീഗിലെ മികച്ച പ്രകടനമാണ് മുഹമ്മദൻ സ്‌പോർട്ടിംഗിന് ഐ.എസ്.എല്ലിൽ സ്ഥാനം നേടിക്കൊടുത്തത്. കൊൽക്കത്തയിലെ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റും മുംബയ് സിറ്റി എഫ്.സിയുമാണ് ഏറ്റുമുട്ടുക.

ഡ്യൂറന്റ് കപ്പിലെ മികച്ച പ്രകടനത്തിന്റെ ആത്മവിശ്വാസവുമായാണ് കളിക്കിറങ്ങുന്നതെന്ന് കേരള ബ്ളാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകൻ മൈക്കൽ സ്റ്റാറേ പറഞ്ഞു. സ്വീഡൻ സ്വദേശിയായ മൈക്കലിന്റെ കീഴിലെ ആദ്യമത്സരമാണിത്. മികച്ച താരങ്ങൾ വിജയം ലക്ഷ്യമിട്ട് പരിശീലനം തുടരുകയാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മികച്ച ആസൂത്രണം നടത്തിയിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചിട്ടുണ്ട്. വിശ്വസിക്കാവുന്നതും വിജയമോഹികളുമാണ് താരങ്ങൾ. പ്രതീക്ഷകളോടെയാണ് കളത്തിലിറങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പരിക്ക് ഭേദമായതിനാൽ പ്രതീക്ഷയോടെയാണ് കളിക്കാനിറങ്ങുന്നതെന്ന് മലയാളിതാരം സച്ചിൻ പറഞ്ഞു. പരിക്കിന് ശേഷം ഡ്യൂറന്റ് കപ്പിലാണ് കളിച്ചത്. റിസർവായാണ് പോയത്. എന്നാൽ കളിക്കാൻ അവസരം ലഭിച്ചു. ഐ.എസ്.എല്ലിൽ പരമാവധി മികച്ച കളിയാണ് ലക്ഷ്യമിടുന്നത്. തിരിച്ചുവന്നശേഷം എല്ലാവരിൽ നിന്നും ലഭിച്ച പിന്തുണ ഉൗർജം പകരുന്നതാണെന്ന് സച്ചിൻ പറഞ്ഞു.

ബ്ളാസ്റ്റേഴ്സ് ഹോം മത്സര എതിരാളികൾ

സെപ്തംബർ 15 ന് പഞ്ചാബ് എഫ്.സി

22ന് ഈസ്റ്റ് ബംഗാൾ

ഒക്ടോബർ 25 ന് ബംഗളൂരു എഫ്.സി

നവംബർ 7ന് ഹൈദരാബാദ് എഫ്.സി

24 ന് ചെന്നൈയിൻ എഫ്.സി

28 ന് എഫ്.സി ഗോവ

ഡിസംബർ 22 ന് മുഹമ്മദൻ സ്‌പോർട്ടിംഗ്