
കൊച്ചി: റെഗുലേറ്ററി കമ്മിഷന് മുമ്പാകെ കെ.എസ്.ഇ.ബിക്ക് 100ൽ പൂജ്യം മാർക്കിട്ട് വൈദ്യുതി ഉപഭോക്താക്കളുടെ പരസ്യവിചാരണ.
ഇന്നലെ എറണാകുളം ടൗൺഹാളിന്റെ ഇരുനിലകളിലുമായി നിറഞ്ഞുകവിഞ്ഞ ജനകൂട്ടമാണ് കെ.എസ്.ഇ.ബിയുടെ അഴിമതിയും കെടുകാര്യസ്ഥതയും അക്കമിട്ട് നിരത്തിയത്. ആവലാതികളും സങ്കടങ്ങളും തുറന്നുപറയാൻ ഒരുവേദിയില്ലാതെ വീർപ്പുമുട്ടിയിരുന്നവരുടെ സകല വികാരങ്ങളും ഒരു രക്ഷകന്റെ മുമ്പിലെന്നപോലെ അണപൊട്ടി ഒഴുകി.
2024 ജൂലായ് 1മുതൽ 2027 മാർച്ച് 31വരെ വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ അപേക്ഷയുടെ പൊതുതെളിവെടുപ്പിനായി റെഗുലേറ്ററി കമ്മിഷൻ നടത്തിയ സിറ്റിംഗായിരുന്നു വേദി.
 ഒഴുകിയെത്തി ജനം
സാധാരണ പരമാവധി 50ൽതാഴെ ആളുകൾ മാത്രം പങ്കെടുക്കാറുള്ള സിറ്റിംഗിൽ ഇത്തവണ നൂറുകണക്കിന് ആളുകൾ ഒഴുകിയെത്തി. കമ്മിഷൻ സിറ്റിംഗിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം ജനങ്ങൾ ഒരുമിച്ച് തെളിവ് നൽകാൻ എത്തുന്നത്. തിരക്ക് നിയന്ത്രണാധീതമായതോടെ ഹാളിനുള്ളിലേക്കുള്ള പ്രവേശനം പോലും നിയന്ത്രിക്കേണ്ടിവന്നു. ടൗൺ ഹാളിന്റെ ഒന്നാം നിലയിലായിരുന്നു വേദിയെങ്കിലും തിരക്കുകാരണം താഴത്തെ നിലയിലും സി.സി ടിവി സംവിധാനങ്ങളുമായി ആളുകൾക്ക് ഇരിപ്പിടം ഒരുക്കി. മുഴുവൻ ആളുകളുടേയും പരാതി നേരിട്ട് കേൾക്കാൻ ബുദ്ധിമുട്ടായതുകൊണ്ട് വിശദമായി എഴുതി സമർപ്പിക്കണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. ഇതുകൂടാതെ രാവിലെ കൗണ്ടറിൽ പേര് രജിസ്റ്റർ ചെയ്തവരിൽ നിന്ന് മുൻഗണനാ ക്രമത്തിൽ 50 ഓളം പേർക്ക് പരസ്യമായി അഭിപ്രായം പറയാനും അനുമതി നൽകി.
നിരക്ക് വർദ്ധിപ്പിക്കരുത്
ഒരുകാരണവശാലും വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കരുതെന്ന് സംസാരിച്ചവർ ആവശ്യപ്പെട്ടു. കൂടാതെ നിലവിലുള്ള ബില്ലിംഗ് സമ്പ്രദായത്തെയും വിവിധ ഹെഡുകളിൽ ജനങ്ങളെ കൊള്ള അടിക്കുന്നതിനെയും ഉപഭോക്താക്കൾ ചോദ്യം ചെയ്തു. താഴെത്തട്ടിലെ ഉദ്യോഗസ്ഥരുടെ അഴിമതിയും അലംഭാവവും ദാർഷ്ഠ്യവുമൊക്കെ തെളിവ് സഹിതം തുറന്നുപറഞ്ഞു. ഓരോ അഭിപ്രായപ്രകടനവും വൻകരഘോഷത്തോടെയാണ് ജനകൂട്ടം എതിരേറ്റത്.
 ജനപക്ഷം ചേർന്ന് കമ്മീഷൻ
എല്ലാ വിമർശനങ്ങളും സഹിഷ്ണുതയോടെ ശ്രവിച്ച കമ്മിഷൻ ചെയർമാൻ ടി.കെ. ജോസ് പലപ്പോഴും ജനപക്ഷം ചേർന്ന് സംസാരിച്ചു. നിർദ്ദേശങ്ങൾ എല്ലാം അനുഭാവപൂർവ്വം പരിഗണിക്കുമെന്നും ഉറപ്പ് നൽകി. റെഗുലേറ്ററി കമ്മിഷൻ അംഗങ്ങളായ അഡ്വ. എ. വിൽസൺ ( ലാ വിഭാഗം), ബി. പ്രദീപ് (ടെക്നിക്കൽ വിഭാഗം) എന്നിവരും കെ.എസ്.ഇ.ബി ഓംബുഡ്മാനും ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.