 
കൊച്ചി: പി.വി. അൻവർ എം.എൽ.എയുടെ വെളിപ്പെടുത്തലുകൾ രാഷ്ട്രീയ ധാർമ്മികത, നൈതികത, മുന്നണി മര്യാദ തുടങ്ങിയ കാര്യങ്ങളിൽ ചർച്ചകൾക്ക് വഴിമരുന്നിടുന്ന സംഭവമാണെന്ന് പ്രമുഖ ക്രിമിനൽ അഭിഭാഷകൻ എ.പി. ഉദയഭാനു പറഞ്ഞു.
പൊലീസ് ഉന്നതർ ഉൾപ്പെട്ട സ്വർണക്കടത്ത് സംഭവങ്ങൾ, വ്യക്തിയുടെ തിരോധാനത്തെക്കുറിച്ചുള്ള സംശയം, എ.ഡി.ജി.പി കൊല ചെയ്യിപ്പിച്ചിട്ടുണ്ടെന്ന പരാമർശങ്ങൾ, ഫോൺ ചോർത്തൽ ആരോപണങ്ങൾ തുടങ്ങിയവ അൻവർ മാദ്ധ്യമങ്ങൾക്ക് മുമ്പിലാണ് ഉന്നയിച്ചത്. ഇടതുമുന്നണിക്ക് മുന്നിൽ അവതരിപ്പിച്ച് പരിഹാരം തേടുന്നതിന് പകരം പുറത്ത് വിഴുപ്പലക്കിയതിലൂടെ പ്രതിപക്ഷത്തിന് ആയുധം നൽകുകയായിരുന്നു.
ഫോൺ സംഭാഷണം രഹസ്യമായി റെക്കാഡ് ചെയ്ത് പരസ്യപ്പെടുത്തുന്നതിലെ നൈതികതയാണ് മറ്റൊരു കാര്യം. എസ്.പി. സുജിത് ദാസിനെ കുടുക്കാനായി അൻവർ കെണിയൊരുക്കി കാത്തിരുന്നു. അൻവറിനെ വിശ്വസിച്ച് നിഷ്കളങ്കമായാണ് സുജിത് ദാസ് സംസാരിക്കുന്നതെന്നാണ് കേൾക്കുന്നവർക്ക് തോന്നുക.
ഈ വെളിപ്പെടുത്തലിൽ നിയമപരമായ വിഷയങ്ങളുണ്ട്. അൻവർ കുറേക്കാലമായി മറ്റാരെയൊക്കെയോ ഉപയോഗപ്പെടുത്തി ഫോൺ സംഭാഷണങ്ങൾ റെക്കാഡ് ചെയ്യിച്ചുകൊണ്ടിരിക്കുന്നു. ഡി.ജി.പിയുടെ ഓഫീസിൽ എ.ഡി.ജി.പിയും ഫോണുകൾ ചോർത്തുന്നുവെന്ന അൻവറിന്റെ ആരോപണം ശരിയെങ്കിൽ അതും തെറ്റായ നടപടികൾ തന്നെയാണ്. പക്ഷേ കോടതിയിലോ പൊലീസിലോ ഔദ്യോഗിക ഏജൻസിക്കോ മുമ്പാകെ പരാതി നൽകിയാൽ മാത്രമേ ഇക്കാര്യം അന്വേഷണത്തിന് വിധേയമാക്കാൻ കഴിയൂ. വെളിപ്പെടുത്തലിന്റെ പേരിൽ സ്വമേധയാ കേസെടുക്കുന്നതിൽ നിയമപരമായ പ്രശ്നങ്ങളുണ്ട്.
കള്ളക്കടത്തുമൊക്കെയായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങളിൽ പരാതിക്കാർ ഇല്ലാത്തതുകൊണ്ട് നടപടിക്ക് സാദ്ധ്യതയില്ല. വിവരങ്ങളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ മാത്രമേ ഈ ആരോപണങ്ങൾക്ക് പ്രസക്തിയുള്ളൂ.
ആർട്ടിക്കിൾ 226 പ്രകാരം ഹൈക്കോടതിക്ക് വേണമെങ്കിൽ സ്വമേധയാ കേസെടുക്കാനാകും. സമാനമായ നടപടി തെലുങ്കാനയിൽ ഉണ്ടായിട്ടുണ്ട്. അവിടത്തെ ക്രമസമാധാനനില തകരാറിലാണെന്ന മട്ടിലൊക്കെ ആക്ഷേപം വന്നപ്പോൾ ചുമതലപ്പെട്ടയാളുകൾ എന്തുകൊണ്ട് നടപടിയെടുക്കുന്നില്ലെന്ന് ചോദിച്ച് തെലങ്കാല ഹൈക്കോടതി നോട്ടീസയച്ചിരുന്നു. അങ്ങിനെ നോക്കിയാൽ സംസ്ഥാനത്തെ ക്രമസമാധാന ലംഘനത്തിലേക്ക് നയിക്കാവുന്ന കാര്യങ്ങളെക്കുറിച്ച് ഭരണപക്ഷത്ത് തന്നെയുള്ള ഒരു എം.എൽ.എ. ആവർത്തിച്ച് ഉന്നയിക്കുന്ന കാര്യങ്ങൾ വിലയിരുത്തി ബോദ്ധ്യപ്പെടുന്നപക്ഷം നമ്മുടെ ഹൈക്കോടതിക്കും സ്വമേധയാ കേസെടുക്കാൻ സാധിക്കും.
അൻവറിന്റെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും കണക്കിലെടുത്ത് സംസ്ഥാന സർക്കാരിന് ഒരന്വേഷണം പ്രഖ്യാപിക്കുന്നതിന് തടസമില്ല. ആ തീരുമാനമാണ് ഏറ്റവും ഉചിതവും. ആരോപണങ്ങളിലെ നൈതികതയും നിയമപ്രശ്നങ്ങളും ഇക്കാര്യത്തിൽ വിലയിരുത്തേണ്ടതുമില്ലെന്ന് അഡ്വ.എ.പി.ഉദയഭാനു പറഞ്ഞു.