
കൊച്ചി: ഒന്നര വർഷത്തോളം ക്ഷേമപെൻഷൻ മുടങ്ങിയ നിർമ്മാണത്തൊഴിലാളികൾക്ക് ഒരു മാസത്തെ കുടിശിക തിരുവോണത്തിനുമുമ്പ് നൽകാൻ സർക്കാർ തീരുമാനിച്ചു. ആറു മാസത്തിനകം മുഴുവൻ കുടിശികയും തീർക്കുമെന്നും തൊഴിൽ മന്ത്രി വി. ശിവൻകുട്ടി കേരളകൗമുദിയോട് പറഞ്ഞു.
സമീപകാലത്ത് പെൻഷന് അർഹരായവരുൾപ്പെടെ 3.80 ലക്ഷം പേർക്ക് തീരുമാനം ഗുണമാകും. '3.24 ലക്ഷം പേർക്ക് പട്ടിണി ഓണം" എന്ന തലക്കെട്ടിൽ കേരളകൗമുദി ഇന്നലെ പ്രസിദ്ധീകരിച്ച വാർത്ത പരിഗണിച്ചാണ് നടപടി.
1,600 രൂപ പെൻഷനും മറ്റ് സഹായങ്ങളും ഉൾപ്പെടെ ഒരു മാസത്തെ കുടിശിക നൽകാനുള്ള 62 കോടി ബോർഡ് കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനുമായും മന്ത്രി വിഷയം ചർച്ച ചെയ്തു. ഇതിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ചയിലാണ് തീരുമാനം കൈക്കൊണ്ടത്. കെട്ടിട നിർമ്മാണ സെസ് അതിവേഗത്തിൽ പിരിച്ചെടുക്കുന്നത് സംബന്ധിച്ച് അടുത്തയാഴ്ച തദ്ദേശഭരണ മന്ത്രി എം.ബി. രാജേഷുമായി ശിവൻകുട്ടി ചർച്ചനടത്തും.
സെസ് പിരിക്കാനായി ഇൻഫർമേഷൻ കേരള മിഷൻ (ഐ.കെ.എം) തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമായി. ഓൺലൈനായി സെസ് പിരിച്ചെടുക്കുന്നതോടെ പ്രതിമാസം 80 കോടി രൂപ ബോർഡിലേക്കെത്തും. 2024 ജനുവരി 16വരെയുള്ള സെസ് കുടിശിക 400 കോടിയോളമുണ്ട്. ഇത് പിരിച്ചെടുക്കേണ്ടത് തൊഴിൽവകുപ്പാണെന്നും അതിനു നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
 കുടിശിക കൂടാൻ കാരണം
സെസ് പിരിക്കാൻ തദ്ദേശസ്ഥാപനങ്ങളെ ചുമതലപ്പെടുത്തിയപ്പോൾ ഓൺലൈനായേ സാധിക്കൂവെന്ന് വകുപ്പ് നിലപാടെടുത്തു. ഇതിനാവശ്യമായ സോഫ്റ്റ്‌വെയർ തയ്യാറാവാൻ ആറുമാസം വേണ്ടിവന്നു. അങ്ങനെയാണ് കുടിശിക 800 കോടി കടന്നത്.
ഗുണഭോക്താക്കൾ
600രൂപ ആയിരുന്നപ്പോൾ 2.5ലക്ഷം പേർ
1,600 ആയപ്പോൾ 3.80 ലക്ഷം
 ബോർഡിന്റെ വരവ് മാസം 35 കോടി
പ്രതിമാസം ചെലവ് 80 കോടിയിലേറെ
''കേരളകൗമുദിവാർത്ത ശ്രദ്ധയിൽപ്പെട്ടയുടൻ നടപടിക്ക് തീരുമാനിക്കുകയായിരുന്നു. ക്ഷേമനിധി ബോർഡിൽ അനർഹർ ഉണ്ടോയെന്നും പരിശോധിക്കും.
വി. ശിവൻകുട്ടി,
തൊഴിൽ മന്ത്രി