bandi

കൊച്ചി: ഓണാഘോഷത്തിന്റെ വരവറിയിച്ച് നഗരത്തിലാകെ പൂക്കടകൾ സജീവമാകുന്നു. നാട്ടിലെ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ മത്സരിച്ച് ബെന്ദിപ്പൂ കൃഷി നടത്തിയെങ്കിലും ഇത്തവണയും അന്യസംസ്ഥാനത്തെ കർഷകർക്കാണ് വിപണിയിൽ മുൻതൂക്കം.

ജമന്തി (വെള്ള, മഞ്ഞ), കോൽ ജമന്തി, വാടാമല്ലി, അരളി, ബെന്ദി (ഓറഞ്ച്, മഞ്ഞ), വിവിധയിനം റോസ്, കോഴിചൂട്ട, താമരമൊട്ട്, മുല്ലപ്പൂവ്, ആസ്ട്രിൻ (ബ്ലൂ, പിങ്ക്), ഡാലിയ തുടങ്ങിയ പൂക്കൾക്കാണ് വിപണിയിൽ ഏറെ പ്രിയം. ഇതിൽ ബെന്ദി മാത്രമാണ് നാട്ടിലെ അയൽകൂട്ടങ്ങളിൽ നാമമാത്രമായെങ്കിലും കൃഷിചെയ്തത്. അതുതന്നെ പലയിടത്തും പാകമായിട്ടുമില്ല. അത്തം നാളിൽ നഗരത്തിന്റെ വിവിധഭാഗങ്ങളിൽ വലിയ പന്തലിട്ട് പൂക്കടകൾ തുറന്നെങ്കിലും വ്യാപാരം മന്ദഗതിയിലായിരുന്നു. പൂക്കള മത്സരങ്ങളും സ്ഥാപനങ്ങളിലെ ഓണാഘോഷങ്ങളും തുടങ്ങിയാലെ വിപണിയുണരൂ. അതോടൊപ്പം വിലയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. വെള്ളജമന്തി, ആസ്ട്രിൻ, റോസ്, മുല്ല, അരളി, കോഴിചൂട്ട എന്നീ ഇനങ്ങൾക്ക് പൊതുവേ വില കൂടുതലാണ്. ബംഗളുരൂ, ദിണ്ഡുക്കൽ എന്നിവിടങ്ങളിൽ നിന്നാണ് എറണാകുളം മാർക്കറ്റിൽ പൂക്കൾ എത്തുന്നത്.

 വിലവിവരം കിലോഗ്രാമിന്

വെള്ളജമന്തി ................. രൂ. 400 മുതൽ 600വരെ

(സീസൺ അനുസരിച്ച് ഇത് മൂന്ന് ഇരട്ടിവരെ വർദ്ധിക്കാം)

മഞ്ഞ ജമന്തി................ രൂ. 200

വാടാമല്ലി........................250

അരളി..............................400

ആസ്ട്രിൻ ...................400- 800

ഓറഞ്ച് ബെന്ദി............. 150

മഞ്ഞബെന്ദി..................200

റോസ് ( നിറം അനുസരിച്ച്) 260- 700

കോഴിചൂട്ട ...................... 300- 400

ഡാലിയ ( ഒന്നിന്)............30

താമരമൊട്ട് ( ഒന്നിന്).........20

എവർഗ്രീൻ (ഇല- കെട്ടിന്).....100