quari

നെടുമ്പാശേരി: നെടുമ്പാശേരി ഗ്രാമപഞ്ചായത്തിലെ അത്താണി ദുർഗാദേവി പരിസരത്തെ ഐശ്വര്യ നഗർ റോഡിൽ സ്വകാര്യ ടോറസ് ഉടമകൾ കരിങ്കല്ല് യാർഡ് ആക്കിയെന്ന് പരാതി. ഓൺലൈൻ വാഹനങ്ങൾ വണ്ടിത്താവളവും ആക്കിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. കുറുന്തലക്കാട് ചിറക്ക് എതിർവശം ദേശീയപാതയുടെ ഭാഗമായിരുന്ന പഴയ റോഡാണ് മാസങ്ങളായി കരിങ്കല്ല് യാർഡ് ആയി ചിലർ ഉപയോഗിക്കുന്നത്. നേരത്തെ ചൊവ്വര ഭാഗത്ത് 20,000ത്തോളം രൂപ വാടക നൽകി കരിങ്കല്ല് യാർഡ് നടത്തിയിരുന്നവരാണ് ഇപ്പോൾ അതുപേക്ഷിച്ച് പൊതുറോഡ് യാർഡാക്കി ലാഭം കൊയ്യുന്നത്. അവശേഷിച്ച സ്ഥലത്ത് ഓൺലൈൻ വാഹനങ്ങളും സ്ഥിരമായി പാർക്ക് ചെയ്തതോടെ നാട്ടുകാർക്ക് ഇതുവഴി പോകാൻ പോലും കഴിയാതെയായെന്നാണ് പരാതി.

വലിയ ടോറസ് വാഹനങ്ങളിൽ കരിങ്കല്ല് ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ റോഡരികിൽ ഇറക്കിയിട്ട ശേഷം അടുത്ത ദിവസങ്ങളിൽ ചെറുവാഹനങ്ങളിൽ കയറ്റി വിടുകയാണെന്ന് നാട്ടുകാർ പറയുന്നു. ഇതിന് പുറമെ വിനോദസഞ്ചാരികളും യാത്രാ സംഘങ്ങളും വാഹനം പാർക്ക് ചെയ്തു ഭക്ഷണം കഴിച്ച ശേഷം അവശിഷ്ടങ്ങളും പാത്രങ്ങളും ഇവിടെ ഉപേക്ഷിക്കുന്നതും പതിവാണ്. അതിനാൽ തെരുവുനായ ശല്യവും ഏറിയിട്ടുണ്ട്. പൊലീസും പഞ്ചായത്ത് അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഐശ്വര്യ നഗർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് പി.കെ. സുരേഷ് അത്താണി, സെക്രട്ടറി പി.വി ദിദേഷ് കുമാർ എന്നിവർ ആവശ്യപ്പെട്ടു.