കുട്ടമ്പുഴ: മദ്ധ്യകേരളത്തിൽ ഏറ്റവുമധികം ആദിവാസി പിന്നാക്ക ദളിത് ജനവിഭാഗങ്ങൾ അധിവസിക്കുന്ന കുട്ടമ്പുഴയിൽ 9വർഷം മുമ്പ് വാഗ്ദാനം ചെയ്ത ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജ് ഉടൻ യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് ഗ്രാമവികസന സമിതി പ്രക്ഷോഭത്തിനൊരുങ്ങുന്നു.
2015ൽ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ച കോളേജിന് നാളിതുവരെയായിട്ടും ഭരണാനുമതി നൽകിയിട്ടില്ല. കോളേജിന്റെ സാദ്ധ്യതാ റിപ്പോർട്ട് സമർപ്പിക്കുന്നതിന് അന്ന് നിയോഗിച്ച അന്വേഷണ കമ്മീഷൻ അനുകൂല റിപ്പോർട്ട് സമർപ്പിച്ചതുമാണ്. കോളേജ് അനുവദിക്കുകയാണെങ്കിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വ്യാപാരിവ്യവസായി ഏകോപനസമിതിയും മറ്റ് സംഘടനകളും ഉറപ്പ് നൽകുകയും ചെയ്തിരുന്നെങ്കിലും ഫലമുണ്ടായില്ല. 2016ൽ മുഖ്യമന്ത്രി പിണറായി വിജയന് ആദിവാസികൾ ഉൾപ്പെടെ നിവേദനംനൽകുകയും ആന്റണി ജോൺ എം.എൽ.എ നിയമസഭയിൽ വിഷയം അവതരിപ്പിക്കുകയും ചെയ്തു. ഇതേത്തുടർന്ന് 2017ൽ വീണ്ടുമൊരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മിഷനും അനുകൂലമായ റിപ്പോർട്ട് സമർപ്പിച്ചെങ്കിലും ഫയൽ മുന്നോട്ടുപോയില്ല. പിന്നീട് ആദിവാസി മൂപ്പന്മാരുടെ പരാതിയിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ ജസ്റ്റീസ് ആന്റണി സിറിയക്ക് കുട്ടമ്പുഴയിൽ നേരിട്ടെത്തി സാഹചര്യം മനസിലാക്കിയശേഷം കോളേജ് അനുവദിക്കണമെന്ന് കാണിച്ച് ഉത്തരവിറക്കി. ഇതേ തുടർന്ന് സർക്കാർ വീണ്ടും ഒരു അന്വേഷണ കമ്മീഷനെ നിയോഗിച്ചു. ഈ കമ്മീഷനും നിയമസഭ പെറ്റീഷൻസ് കമ്മിറ്റിയും കുട്ടമ്പുഴയിൽ സർക്കാർ കോളജ് അനുവദിക്കണമെന്ന് ശുപാർശ നൽകി. ഇതൊന്നും പരിഗണിക്കാതെ ഒന്നാം പിണറായി സർക്കാർ ജില്ലയിലെ വൈപ്പിൻ, പാലക്കാട് തരൂർ, കാസർഗോഡ് കരിന്തളം, ഇടുക്കി പൂപ്പാറ എന്നിവിടങ്ങളിൽ നാല് പുതിയ സർക്കാർ കോളേജുകൾ അനുവദിക്കുകയായിരുന്നു.
കുട്ടമ്പുഴയിൽ ഗവ. കോളേജ് വന്നാൽ കോതമംഗലം താലൂക്കിലെ ആദിവാസികളടക്കമുള്ള വിദ്യാർത്ഥികൾക്കും ദേവികുളം താലൂക്കിലെ അടിമാലി, മാങ്കുളം ഗ്രാമ പഞ്ചായത്തുകളിലെ വിദ്യാർത്ഥികൾക്കും ഉന്നത വിദ്യാഭ്യാസം സാദ്ധ്യമാകും. അതുകൊണ്ട് കോളേജിന് എത്രയുംവേഗം അനുമതി നൽകണമെന്നും അല്ലാത്തപക്ഷം അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും ഗ്രാമവികസന സമിതി പ്രസിഡന്റ് ഷാജി പയ്യാനിക്കൽ, സെൽമ പരീത്, എസ്. ആദർശ്, ബിജു, റോബിൻ ഫിലിപ്പ്, എൽദോസ് തട്ടേക്കാട് എന്നിവർ അറിയിച്ചു.