
ഫോർട്ട് കൊച്ചി :പഠനം മാത്രമല്ല പാചകവും കുട്ടികളെ പഠിപ്പിക്കുകയാണ് ഫോർട്ട്കൊച്ചി സാന്താക്രൂസ് എൽ.പി. സ്കൂളിലെ അറബി അദ്ധ്യാപകനായ പി.എം സുബൈർ. ഓണത്തിനുള്ള പരിപ്പ് പായസത്തിന്റെ കൂട്ടുകളും പാചകരീതിയുമായി പായസമുണ്ടാക്കി കുട്ടികൾക്ക് വിവരിച്ച് കൊടുത്തത്.
സ്കൂളിലെ ലളിതമായ ഓണാഘോഷത്തിന്റെ ഭാഗമായാണ് പി.എം സുബൈർ കുട്ടികൾക്കായി പായസമുണ്ടാക്കി രുചിക്കൂട്ട് കുട്ടികളെ പഠിപ്പിച്ചത്. ഏകദേശം 200 ഓളം പേർക്കായി 75 ലിറ്റർ പരിപ്പ് പായസമാണ് സുബൈർ തയ്യാറാക്കിയത്. ഓരോ കൂട്ടുകളും എങ്ങനെ ഉപയോഗിക്കണമെന്നത് സംബന്ധിച്ച് വിശദമായി തന്നെ സുബൈർ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.
നാലു മണിക്കൂർ നേരം കൊണ്ടാണ് സുബൈർ പായസം ഒരുക്കിയത്. സ്കൂളിലെ ആയ സക്കീനയുടെ സഹായവുമുണ്ടായിരുന്നു. 7.30 ന് തുടങ്ങിയ പാചകം 11.30 വരെ നീണ്ടു. അരൂക്കുറ്റി സ്വദേശിയായ സുബൈർ അറബി കൂടാതെ കൃഷിയും കലാ കായിക ഇനങ്ങളും കുട്ടികൾക്കായി പഠിപ്പിക്കുന്നുണ്ട്. പായസമൊക്കെ കഴിച്ച് സന്തോഷത്തോടെയാണ് കുട്ടികൾ വീട്ടിലേക്ക് മടങ്ങിയത്.