പെരുമ്പാവൂർ: പഴയ ഇരുമ്പ് കച്ചവടത്തിന്റെ മറവിൽ പെരുമ്പാവൂ‌‌ർ നഗരത്തിലും സമീപപ്രദേശങ്ങളിലും മോഷണം വർദ്ധിക്കുന്നുവെന്ന് പരാതി. അന്യസംസ്ഥാന തൊഴിലാളികൾ ചാക്കുകളിലും വണ്ടികളിലുമായി പഴയ ഇരുമ്പ് വസ്തുക്കൾ ശേഖരിക്കാനെന്ന മട്ടിൽ എത്തി വ്യാപകമായി മോഷണം നടത്തുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലെ നിരവധി സ്ഥാപനങ്ങളിൽ നിന്ന് ഇലക്ട്രിക് വയറുകൾ അടക്കം മുറിച്ച് കടത്തിയെന്നും കച്ചവട സ്ഥാപനങ്ങൾക്ക് മുൻപിൽ സ്ഥാപിച്ചിട്ടുള്ള ബോർഡുകളടക്കം ചാക്കിലാക്കി കൊണ്ടുപോയെന്നും പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ അന്യസംസ്ഥാനക്കാരുടെ മോഷണം തടയാനോ അവർക്കെതിരെ നടപടി സ്വീകരിക്കാനോ കഴിയുന്നില്ല. എന്നാൽ ഇവർ കൊണ്ടുവരുന്ന മോഷണ വസ്തുക്കൾ വാങ്ങിക്കൂട്ടുന്ന പഴയ ഇരുമ്പ് വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ചാൽ ഇത്തരം സംഭവങ്ങൾ ഒഴിവാക്കാൻ കഴിഞ്ഞേക്കും. ചാക്കുകളുമായി എത്തുന്ന അന്യസംസ്ഥാനക്കാരെ പഴയ ഇരുമ്പ് സാധനങ്ങൾ ശേഖരിക്കുവാൻ യാതൊരു കാരണവശാലും അനുവദിക്കരുതെന്ന് കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ (കെ.എസ്.എം.എ) മുന്നറിയിപ്പ് നല്കി. അംഗീകൃത സ്ഥാപനങ്ങളുടെ തിരിച്ചറിയൽ കാർഡുമായി വരുന്നവർക്ക് മാത്രമെ ആക്രി സാധനങ്ങൾ നൽകാവൂ. കച്ചവട സ്ഥാപനങ്ങളുടെ ഉത്തരവാദിത്വത്തോട് കൂടി അല്ലാതെ വരുന്നവർക്കെതിരെ പ്രതികരിക്കണമെന്നും അസോസിയേഷൻ അറിയിച്ചു. കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷന്റെ ഈ തീരുമാനം ജനങ്ങൾ പൊതുവെ സ്വാഗതം ചെയ്യുന്നുണ്ട്. അസോസിയേഷന്റെ തീരുമാനങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും സ്ഥിരമായി മോഷണ വസ്തുക്കൾ വാങ്ങിക്കൂട്ടുന്ന കച്ചവട സ്ഥാപനങ്ങൾ അടച്ച് പൂട്ടാൻ അധികാരികൾ അടിയന്തരമായി ഇടപെടണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ തീരുമാനങ്ങൾ
പ്രവർത്തന സമയം രാവിലെ എട്ട് മുതൽ വൈകുന്നേരം ഏഴ് വരെ
ഞായറാഴ്ച കടകൾ പൂർണമായി അടച്ചിടണം
അസോസിയേഷൻ അംഗങ്ങൾ ഇത്തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ അംഗത്വം സസ്പെൻഡ് ചെയ്യും, പൊലീസിനെ വിവരം അറിയിക്കും
ചാക്കുമായി എത്തുന്ന കച്ചവടക്കാരെ പൂർണമായി ഒഴിവാക്കണം

അപരിചിതരായിട്ടുള്ള അന്യസംസ്ഥാനക്കാർക്ക് ആക്രി ശേഖരിക്കുന്ന വണ്ടികൾ കൊടുത്തു വിടരുത്

സ്ഥിരമായി കച്ചവടത്തിന് അയക്കുന്ന അന്യസംസ്ഥാന തൊഴിലാളികളുടെ കൃത്യമായ വിവരങ്ങളും തിരിച്ചറിയൽ കാർഡും സൂക്ഷ്മമായി പരിശോധിക്കണം