
തൃപ്പൂണിത്തുറ : ഓണക്കാലത്തിന്റെ വരവറിയിച്ച് ഇന്ന് തൃപ്പൂണിത്തുറയിൽ പ്രസിദ്ധമായ അത്തച്ചമയം നടക്കും.
അത്തച്ചമയ ഘോഷയാത്ര കാണാൻ ജനസാഗരം രാജനഗരിയിലേക്ക് ഒഴുകിയെത്തും.
അത്തം നഗറിൽ ഉയർത്താനുള്ള അത്ത പതാക ഹിൽപാലസിൽ നടന്ന ചടങ്ങിൽ കൊച്ചി രാജകുടുംബ പ്രതിനിധി സുഭദ്ര തമ്പുരാനിൽ നിന്ന് നഗരസഭാദ്ധ്യക്ഷ രമ സന്തോഷ് ഏറ്റുവാങ്ങി. കൊടിമരവും പതാകയും ഗവ.ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ എത്തിച്ചു.
അത്തം നാളിൽ രാജാവിന്റെ ചമയപുറപ്പാട് ചടങ്ങിന്റെ സ്മരണാർത്ഥമാണ് ജനകീയ അത്തച്ചമയ ഘോഷയാത്ര. ഇന്ന് രാവിലെ 9.30ന് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യും. കെ.ബാബു എം.എൽ.എ അദ്ധ്യക്ഷനാക്കും. മന്ത്രി പി.രാജീവ് അത്ത പതാക ഉയർത്തും. ഹൈബി ഈഡൻ എം.പി. ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുന്നതോടെ വർണ്ണോജ്ജ്വലമായ അത്തച്ചമയ ഘോഷയാത്ര അത്തം നഗറിൽ നിന്ന് നഗരം ചുറ്റാനിറങ്ങും. ഉച്ചയ്ക്ക് 3 ഓടെ തിരിച്ചെത്തുന്ന ഘോഷയാത്ര അത്തം നഗറിലെത്തുന്നതോടെ സിയോൻ ഓഡിറ്റോറിയത്തിൽ പൂക്കളങ്ങളുടെ പ്രദർശനം തുടങ്ങും. വൈകിട്ട് അത്തം നഗറിൽ കലാസന്ധ്യ, ഗാനമേള എന്നിവ നടക്കും